രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുമ്പോൾ, കേരളം അവയെ സംരക്ഷിക്കുകയും ലാഭത്തിലാക്കുകയും ചെയ്യുന്നു. 2016-നും 2024-നും ഇടയിൽ ലാഭത്തിലുള്ള സ്ഥാപനങ്ങളുടെ എണ്ണം 9-ൽ നിന്ന് 27 ആയി ഉയർന്നു.

തിരുവനന്തപുരം: രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന നയങ്ങൾ ശക്തമാകുമ്പോഴും അവയെ സംരക്ഷിച്ചും ശക്തിപ്പെടുത്തിയുമാണ് കേരളം മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പി രാജീവ്. വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള 51 പൊതുമേഖലാ സ്ഥാപനങ്ങളിൽ ലാഭം രേഖപ്പെടുത്തിയ സ്ഥാപനങ്ങളുടെ എണ്ണം ഒമ്പതിൽ നിന്ന് 27 ആയി വർധിച്ചുവെന്ന് മന്ത്രി അറിയിച്ചു. വാർഷിക വ്യവസായ സർവ്വേ പ്രകാരം 2016നും 2024നും ഇടയിൽ മറ്റ് പ്രധാന സംസ്ഥാനങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ കുത്തനെ കുറഞ്ഞപ്പോൾ കേരളത്തിൽ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിൽ 2016-ൽ 170 ഫാക്ടറികൾ ഉണ്ടായിരുന്ന സ്ഥാനത്ത്, ലയനങ്ങൾ ഉൾപ്പെടെ നടന്നതിനുശേഷവും 2024-ൽ 163 യൂണിറ്റുകൾ നിലനിർത്താൻ കഴിഞ്ഞു. കർണാടകയിൽ പൊതുമേഖലാ ഫാക്ടറികളുടെ എണ്ണം 151-ൽ നിന്ന് 74 ആയി ഇടിഞ്ഞു. ഉത്തർപ്രദേശിൽ 117-ൽ നിന്ന് 45 ആയി കുറഞ്ഞു. ഗുജറാത്തിൽ 406-ൽ നിന്ന് 139 ആയും മഹാരാഷ്ട്രയിൽ 343-ൽ നിന്ന് 98 ആയും പൊതുമേഖലാ യൂണിറ്റുകൾ വെട്ടിക്കുറച്ചു.

മൊത്തം സാമ്പത്തിക മൂല്യവർദ്ധനവിന്‍റെ കാര്യത്തിൽ രാജ്യത്തെ ആകെ വിഹിതത്തിന്‍റെ 11.3 ശതമാനം കേരളം സംഭാവന ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ 15.6 ശതമാനം സഞ്ചിത നാമമാത്ര ജിവിഎ വളർച്ചയോടെ കേരളം രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനമായി മാറി. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ വൻകിട സംസ്ഥാനങ്ങൾ ഈ കാലയളവിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയപ്പോഴാണ് കേരളത്തിന്റെ ഈ നേട്ടം. 2016-ൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 5,756 കോടി രൂപയുടെ മൂല്യവർദ്ധനവാണുണ്ടായിരുന്നതെങ്കിൽ 2024-ൽ അത് 17,801 കോടി രൂപയായി കുതിച്ചുയർന്നു. അതായത് 15.2 ശതമാനത്തിന്‍റെ വാർഷിക വളർച്ച കേരളം കൈവരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

പരമ്പരാഗത മേഖലയും ഉണർവിലേക്ക്

പരമ്പരാഗത വ്യവസായങ്ങളിൽ ആധുനികവൽക്കരണവും വൈവിധ്യവൽക്കരണവും നടപ്പിലാക്കി വിദേശ മാർക്കറ്റുകളിൽ വരെ സാന്നിധ്യം അറിയിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കൈത്തറി മേഖലയിൽ സൗജന്യ യൂണിഫോം പദ്ധതിയിലൂടെ എട്ടായിരത്തോളം തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കി. ചേന്ദമംഗലം കൈത്തറി ഗ്രാമം ഉടൻ ഉദ്ഘാടനം ചെയ്യും. കശുവണ്ടി തൊഴിലാളികൾക്കുള്ള ഗ്രാറ്റിവിറ്റി കുടിശ്ശിക തീർക്കുകയും ഫാക്ടറികളുടെ നവീകരണത്തിന് ഫണ്ട് അനുവദിക്കുകയും ചെയ്തു. തോട്ടം മേഖലയിൽ ലയങ്ങളുടെ നവീകരണവും ടൂറിസം പദ്ധതികൾ ഉൾപ്പെടെ നടപ്പിലാക്കാൻ പ്ലാൻ്റേഷൻ ഡയറക്ട്രേറ്റും രൂപീകരിച്ചു. സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും പൊതുമേഖലയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന നയവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വ്യക്തമാക്കി.