തിരുവനന്തപുരം:  കൊറോണ വൈറസ് സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍. ഇവരിലേറേയും ചൈനയില്‍ നിന്നു വന്നവരാണ്. ഇതില്‍ സംശയം ഉള്ളവരുടെ സാംപിളുകള്‍ പൂണെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് നിരീക്ഷണമേര്‍പ്പെടുത്തിയതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 

ചൈനയില്‍ നിന്നും കൊറോണ ബാധയുള്ള മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. വിമാനത്താവളങ്ങളില്‍ ഇതിനായി പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യസംഘവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. നിരീക്ഷണത്തിലുള്ള ഏഴ് പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരും. നിലവില്‍ രാജസ്ഥാനിലും ബീഹാറിലുമായി രണ്ട് പേര്‍ കൊറോണ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്. രാജസ്ഥാനില്‍  കൊറോണ വൈറസ് ബാധ സംശയിക്കുന്നയാൾചൈനയില്‍  പഠിക്കുന്ന വൈദ്യശാസ്ത്ര  വിദ്യാർത്ഥിയാണ്.  പരിശോധനക്കായി ഇയാളുടെ രക്തം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയക്കുമെന്ന് ആരോഗ്യമന്ത്രി രഘുശർമ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ മാത്രം അറുപത് പേര്‍ മുന്‍കരുതലെന്ന നിലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരെല്ലാം ചൈനയില്‍ നിന്നു വന്നവരാണെന്നും ഇവര്‍ക്ക് ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ചൈനയില്‍ നിന്നും വന്നവരായതിനാല്‍ മാത്രമാണ് ഇവരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിക്കുന്നു. 

അതേസമയം ആഗോളതലത്തില്‍ കൊറോണ ഭീതി പടരുകയാണ്.ചൈനയില്‍ നിന്നും ലോകത്തെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് കൊറോണ ബാധ പടരുന്നു. ഫ്രാൻസിൽ മൂന്നുപേർക്ക് രോഗബാധ സ്ഥിരീകരിച്ചു.  അമേരിക്കയില്‍ രണ്ട് പേര്‍ക്കും തായ്‍വാനില്‍ നാല് പേര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.  മലേഷ്യയിൽ മൂന്നുപേർക്കാണ് വൈറസ് ബാധയുണ്ടായത്. ബ്രിട്ടനിൽ 14 പേർ പ്രത്യേക നീരീക്ഷണത്തിലാണ്.