Asianet News MalayalamAsianet News Malayalam

കരിപ്പൂരിൽ വൻ സ്വർണവേട്ട; അഞ്ച് യാത്രക്കാരിൽ നിന്നായി 3.71 കോടി രൂപയടെ സ്വർണം പിടികൂടി

അഞ്ച് യാത്രക്കാരിൽ നിന്നായി 7.5 കിലോ സ്വർണം പിടികൂടി. 3.71 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.

3 crore worth gold seized in Karipur airport
Author
Karipur, First Published Nov 17, 2021, 10:39 AM IST

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ  (Karipur airport) വൻ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി 7.5 കിലോ സ്വർണം (gold) പിടികൂടി. 3.71 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.

ലഗേജ് കൊണ്ട് വരുന്ന കാർഡ് ബോർഡ് പെട്ടിയുടെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചു കടത്തുന്നതിനിടെയാണ് മൂന്ന് പേർ പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയാണ് കാർഡ് ബോർഡിന്റെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചത്. കോഴിക്കോട് വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ്, ഓർക്കാട്ടേരി സ്വദേശി നാസർ എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ്‌ മറ്റ് രണ്ട് പേർ പിടിയിലായത്.  തൃശൂർ വെളുത്തറ സ്വദേശി നിതിൻ ജോർജ്, കാസർകോട് മംഗൽപാടി സ്വദേശി അബ്ദുൽ ഖാദർ എന്നിവരാണ് പിടിയിലായത്. കരിപ്പൂർ എയർ ഇന്റലിജൻസ് യൂണിറ്റാണ് അനധികൃത സ്വർണക്കടത്ത് പിടികൂടിയത്.

ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. 1040 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ ആറളം സ്വദേശി എം ഫാസിലിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും സ്വർണം പിടികൂടിയത്.

കഴിഞ്ഞ ആഴ്ചയും കോഴിക്കോട് വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട നടന്നിരുന്നു. മൂന്ന് യാത്രികരിൽ നിന്നായി 4.700 കിലോ ഗ്രാം സ്വർണ്ണമാണ് വിമാനത്താവളത്തിൽ പിടികൂടിയത്. കോഴിക്കോട്  സ്വദേശി ഹനീഫയിൽ നിന്നും 2.28 കിലോഗ്രാം സ്വർണവും ബഹറിനിൽ നിന്നും എത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനിൽ നിന്നും 2.06 കിലോഗ്രാം സ്വർണവും ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി അബ്ദുൾ ജലീൽ നിന്നും 355 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഹനീഫയും രവീന്ദ്രനും അടിവസ്ത്രത്തിനുള്ളിലും ജലീൽ ശരീരത്തിൽ ഒളിപ്പിച്ചുമാണ്  സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വർണ്ണമാണ് മൂന്ന് പേരിൽ നിന്നുമായി പിടികൂടിയത്.

Follow Us:
Download App:
  • android
  • ios