സോണിയ ഗാന്ധി ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ചതായി റിപ്പോർട്ട്. പാലായടക്കം മുൻ സീറ്റുകൾ വേണമെന്ന് ജോസ് കെ മാണി ഉപാധി വെച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.

ദില്ലി: കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ ഹൈക്കമാൻഡിന്‍റെ പച്ചക്കൊടി. സോണിയ ഗാന്ധി ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ചതായി റിപ്പോർട്ട്. പാലായടക്കം മുൻ സീറ്റുകൾ വേണമെന്ന് ജോസ് കെ മാണി ഉപാധി വെച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. ജോസിനൊപ്പം പാർട്ടിയുടെ മൂന്ന് എംഎൽഎമാരും യുഡിഎഫ് പ്രവേശനത്തിനൊരുങ്ങുകയാണ്. മാണി സി കാപ്പനെ അനുനയിപ്പിക്കാൻ കൂടുതൽ സീറ്റെന്ന ഓഫർ വച്ചേക്കും. എന്നാല്‍, റോഷി അഗസ്റ്റിനടക്കം ഒരു വിഭാഗത്തിന് മുന്നണി മാറ്റ ചർച്ചകളോട് അതൃപ്‌തി അറിയിച്ചിട്ടുണ്ട്. 16ന്ചേരുന്ന കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി മുന്നണി മാറ്റത്തിൽ അന്തിമ തീരുമാനമെടുക്കും.

ഒടുവിൽ കേരള കോൺഗ്രസ് യുഡിഎഫിലേക്ക് മടങ്ങൊനൊരുങ്ങുന്നു. അഞ്ച് വർഷത്തിന് ശേഷമുള്ള മടക്കത്തിന് കാരണങ്ങൾ പലത്. കെപിസിസി നിർദ്ദേശ പ്രകാരം ഹൈക്കമാൻഡിൻ്റെ ഇടപെടൽ പ്രധാനം. സോണിയാ ഗാന്ധി അടക്കം എഐസിസി നേതൃത്വം ജോസുമായി സംസാരിച്ചു. സഭാ നേതൃത്വത്തിൻ്റെ നീക്കങ്ങളും നിർണ്ണായകമായി. സിനഡിനിടെ സഭാനേതൃത്വവും പ്രതിപക്ഷനേതാവും തമ്മിലെ കൂടിക്കാഴ്ചയും വഴിത്തിരിവായി. ഇടതിനൊപ്പംനിന്നാൽ ജയം എളുപ്പമല്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വിലയിരുത്തിയ ജോസ് മെല്ലെ കോൺഗ്രസിന് കൈകൊടുക്കുകയായിരുന്നു. കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽനിന്നും ഇന്നലത്തെ ഇടതിൻ്റ കേന്ദ്രവിരുദ്ധ സമരത്തിൽ നിന്നും ജോസ് വിട്ടുനിന്നത് അണിയറ ചർച്ചകളെ തുടർന്നായിരുന്നു. ചെയർമാൻ ജോസിനൊപ്പമാണ് അഞ്ചിൽ മൂന്ന് എംഎൽഎമാരും.

എന്നാല്‍, എംഎൽഎമാരായ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും ഇടതിനൊപ്പം തുടരുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഇടത് നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് തുടരും എന്ന അടിക്കുറിപ്പുമായാണ് റോഷി അഗസ്റ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കേരള കോൺഗ്രസ് (എം) മുന്നണി വിട്ടേക്കുമെന്ന സൂനചയ്ക്കിടെയാണ് റോഷി അഗസ്റ്റിന്‍റെ പ്രതികരണം.

നിലപാട് വ്യക്തമാക്കി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. മുന്നണി മാറ്റമില്ലെന്നും ഇടതുപക്ഷ മുന്നണിയുടെയും സര്‍ക്കാരിന്‍റെയും ഭാഗമാണ് പാര്‍ട്ടിയെന്നും അതുപോലെ തന്നെ തുടരുമെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെക്കുറിച്ചോ അറിയില്ലെന്നും കേരള കോണ്‍ഗ്രസിനെക്കുറിച്ച് എക്കാലത്തും ഇത്തരം വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും ഒരു സഭയും ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിൽ രോഷാകുലനായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.