തിരുവനന്തപുരം ആനയറയിൽ കക്കൂസ് മാലിന്യം നിറഞ്ഞ വെള്ളക്കെട്ടിൽ 3 കുടുംബങ്ങൾക്ക് ദുരിതജീവിതം
മലിന ജലം ഒഴുക്കിക്കളയാൻ ഓടയില്ല. ചുറ്റിലും ഫ്ലാറ്റുകളും കെട്ടിടങ്ങളും പൊങ്ങിയതോടെ വെള്ളം ഈ ഭാഗത്തേക്ക് ഒഴുകിപ്പരക്കുകയാണ്.
തിരുവനന്തപുരം : ആനയറ ഒരുവാതിൽകോട്ടയിലെ മൂന്ന് കുടുംബങ്ങൾ കഴിഞ്ഞ ഒരു മാസമായി വെള്ളക്കെട്ടിലാണ് കഴിയുന്നത്. താഴ്ന്ന പ്രദേശമായ ഇവിടേക്ക് കഴക്കൂട്ടം ബൈപ്പാസിലെ കടകളിലെ മാലിന്യവും കക്കൂസ് മാലിന്യവുമൊക്കെ ഒഴുക്കി വിടുന്നതോടെ ദുർഗന്ധം വമിക്കുകയാണ്.
ഒരുവാതിൽകോട്ട കുടുംബി ലൈയിനിലെ മൂന്ന് കുടുംബങ്ങളുടെ ദുരിത ജീവിതം തുടങ്ങിയിട്ട് ഒരുമാസമായി. മലിനജലം ഒഴുക്കിക്കളയാൻ ഓടയില്ല. ചുറ്റിലും ഫ്ലാറ്റുകളും കെട്ടിടങ്ങളും പൊങ്ങിയതോടെ വെള്ളം ഈ ഭാഗത്തേക്ക് ഒഴുകിപ്പരക്കുകയാണ്. കഴക്കൂട്ടം ബൈപ്പാസ് റോഡിന് താഴ്ഭാഗത്തുള്ള ഇവിടെക്ക് ഹോട്ടൽ മാലിന്യവും കൂടി ഒഴുക്കി വിടുന്നതോടെ ദുരിതം ഇരട്ടിയാകുന്നു. ടോയ്ലല്റ്റിൽ പോകാനോ കുളിക്കാനോ പറ്റുന്നില്ല. സമീപ പ്രദേശത്തുള്ള മറ്റുവീടുകളിൽ പോയാണ് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നത്. കക്കൂസ് മാലിന്യവും അഴുക്കും നിറഞ്ഞ് കറുത്ത നിറമായ വെള്ളത്തിലൂടെയാണ് ഈ കുടുംബങ്ങൾക്ക് വീട്ടിലേക്ക് കയറാൻ കഴിയൂ. വെള്ളം കയറിയതോടെ പാമ്പ് ശല്യവും രൂക്ഷമാണ്. കൊതുക് പെരുകിയിട്ടും കോർപ്പറേഷനിൽ നിന്നും ഒരു സഹായവും കിട്ടുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
കോർപ്പറേഷൻ കൗൺസിലറും ഇവരെ കയ്യൊഴിയുന്നു. നിലവിൽ ലഭിച്ച ഫണ്ട് വെച്ച് ഒന്നും ചെയ്യാൻ കഴിയില്ലെന്നും താൻ നിസ്സഹായനാണെന്നും കളക്ടർ കനിഞ്ഞാ മാത്രമേ, ഓടയ്ക്ക് ഫണ്ട് കിട്ടുകയുള്ളുവെന്നുമാണ് പ്രദേശത്തെ കോർപ്പറേഷൻ കൗൺസിലർ ഡിജി കുമാരൻ പറയുന്നത്. വീടിന് ചുറ്റിലും കൊതുകും കൂത്താടികളും വട്ടമിട്ടുപറക്കുകയാണ്. ഉത്തരവാദപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെ അവഗണനയിൽ ബുദ്ധിമുട്ടുകയാണ് മൂന്ന് കുടുംബങ്ങൾ.
>