Asianet News MalayalamAsianet News Malayalam

നാണയം വിഴുങ്ങി മരിച്ച മൂന്ന് വയസുകാരന്‍റെ പോസ്റ്റ്‍മോര്‍ട്ടം കഴിഞ്ഞു; ഡോക്ടർമാർക്കെതിരെ കുട്ടിയുടെ ബന്ധു

ആശുപത്രിയിൽ വരുന്നത് വരെ കുട്ടിക്ക് മറ്റ്‌ അസുഖങ്ങൾ ഉണ്ടായിരുന്നില്ല. പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്‌ വന്നതിനുശേഷം തുടർനടപടി എടുക്കുമെന്നും ഡോക്ടർമാർക്കെതിരെ പരാതി നൽകുമെന്നും കുട്ടിയുടെ ബന്ധു.

3 year old boy died due to swallowing coin in aluva postmortem
Author
Kochi, First Published Aug 3, 2020, 12:29 PM IST

കൊച്ചി: നാണയം വിഴുങ്ങിയതിന് പിന്നാലെ മരിച്ച ആലുവയിലെ മൂന്ന് വയസുകാരന്‍റെ പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി. ആന്തരിക അവയവങ്ങൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ക്ക് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. മൃതദേഹം സ്വദേശമായ കൊല്ലം പരവൂരിലേക്ക് കൊണ്ടുപോയി. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. മരണകാരണം സംബന്ധിച്ച വ്യക്തത കിട്ടുന്നതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം. 

ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരൻ പൃഥ്വിരാജാണ് ഇന്നലെ മരിച്ചത്. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. മൂന്ന് ആശുപത്രികളുടെ അനാസ്ഥ ആരോപിക്കപ്പെട്ട വിഷയത്തില്‍ ഏറെ നിര്‍ണ്ണായകമാണ് ഇന്ന് നടന്ന പോസ്റ്റ്‍മോര്‍ട്ടം. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പ്രത്യേക സംഘമാണ് മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം നടത്തിയത്. നാണയം കുടുങ്ങിയതുമൂലമാണ് മരണമെന്ന് വ്യക്തമായാല്‍ ആശുപത്രികള്‍ക്കെതിരെ പൊലീസ് നടപടി എടുക്കും. എന്നാല്‍ നാണയം വിഴുങ്ങിയതാകില്ല മരണ കാരണമെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ദ്ധരുടേത്.

അതേസമയം, ഡോക്ടർമാർക്കെതിരെ കുട്ടിയുടെ ബന്ധു രംഗത്തെത്തി. നാണയം വിഴുങ്ങിയതല്ല മരണ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. മറ്റു കാരണം കൊണ്ടാണ് കുട്ടി മരിച്ചതെങ്കിൽ എന്തുകൊണ്ട് റിപ്പോർട്ടിൽ വന്നില്ല എന്ന് കുട്ടിയുടെ ബന്ധു ഉദയൻ ചോദിച്ചു. മൂന്ന് ആശുപത്രികളിൽ കൊണ്ടുപോയിട്ടും മറ്റ്‌ അസുഖം ഉള്ളതായി റിപ്പോർട്ടിൽ പറയുന്നില്ല. ആശുപത്രിയിൽ വരുന്നത് വരെ കുട്ടിക്ക് മറ്റ്‌ അസുഖങ്ങൾ ഉണ്ടായിരുന്നില്ല. പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്‌ വന്നതിനുശേഷം തുടർനടപടി എടുക്കുമെന്നും ഡോക്ടർമാർക്കെതിരെ പരാതി നൽകുമെന്നും ഉദയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയും അന്വേഷണം തുടങ്ങി. നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മലത്തിനോടൊപ്പം നാണയവും പുറത്തേക്ക് വരുമെന്ന് പറഞ്ഞ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

Follow Us:
Download App:
  • android
  • ios