കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇനിയും സുരക്ഷ ഉറപ്പാക്കാതെ 34 സ്കൂളുകൾ. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയെ തുടർന്നാണ് ഉടൻ അറ്റകുറ്റപ്പണി തീർക്കാൻ കളക്ടർ സ്കൂളുകൾക്ക് നിർദേശം നൽകിയത്. പണി തീർത്ത് എത്രയും പെട്ടന്ന് ക്ലാസുകള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. 

സുരക്ഷ ഉറപ്പാക്കിയ ശേഷമേ ക്ലാസ് തുറക്കാവുവെന്ന് കളക്ടർ നി‍ർദേശം നൽകിയ 69 സ്കൂളുകളിൽ 34 ഉം പഴയപടി തന്നെ. രണ്ട് ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ദുരന്തനിവാരണ നിയമം സെക്ഷൻ 56 പ്രകാരം നടപടിയെടുക്കുമെന്നാണ് കളക്ടറുടെ ഉത്തരവ്. എന്നാൽ, എൽഎസ്ജിഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പരിശോധനക്ക് ശേഷം നൽകിയ നോട്ടീസിലെ അവ്യക്തത മൂലം അറ്റകുറ്റപണി തുടങ്ങാത്ത സ്കൂളുകളുമുണ്ട്. 

കാറ്റിൽ പരസ്യബോ‍ർഡ് വീണ് ക്ലാസ്മുറി തകർന്ന ചാലപ്പുറം ഗണപത് ബോയ്സ് സ്കൂളിലടക്കം മിക്ക സ്കൂളുകളിലും അറ്റകുറ്റപ്പണികൾ തുടങ്ങി.സ്കൂൾ വളപ്പിലെ വീഴാന്‍ സാധ്യതയുള്ള മരങ്ങളെല്ലാം മുറിച്ച് മാറ്റാനുള്ള നടപടികളും സ്കൂൾ അധികൃതർ തുടങ്ങി.