പട്ടിമറ്റത്ത് 38കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊലപാതകമെന്ന സംശയത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

കൊച്ചി: എറണാകുളം പട്ടിമറ്റത്ത് 38കാരിയായ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിമറ്റം ചേലക്കുളം പുച്ചക്കുഴി വെള്ളേക്കാട്ട് വീട്ടിൽ നിഷയാണ് മരിച്ചത്. വീടിന്‍റെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത കുന്നത്തുനാട് പൊലീസ്, നിഷയുടെ ഭർത്താവ് നാസറിനെ കസ്റ്റഡിയിലെടുത്തു. മൊഴികളിൽ വൈരുദ്ധ്യമുള്ളതാണ് നാസറിനെ കസ്റ്റഡിയിലെടുക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു.

ഈ സമയത്ത് നിഷയുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നില്ല. മൂക്കിൽ കൂടി രക്തം വന്ന നിലയിലാണ് നിഷയുടെ മൃതദേഹം കണ്ടത്. രാവിലെ ഭർത്താവ് നാസറാണ് മരണവിവരം അയൽക്കാരെ അറിയിച്ചത്. വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്നാണ് ഇയാൾ ആദ്യം അയൽക്കാരോട് പറ‌ഞ്ഞത്. പരിസരവാസികൾ മുറിയിൽ കയറി പരിശോധിച്ചപ്പോഴാണ് മരിച്ചു കിടക്കുകയാണെന്ന് മനസിലായത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പിന്നാലെ കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. 

മരണത്തിൽ സംശയങ്ങൾ നിലനിൽക്കുന്നതിനാലാണ് ഭർത്താവ് നാസറിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പറയന്നു. രാത്രി ഒരുമിച്ചാണ് താനും നിഷയും ഭക്ഷണം കഴിച്ചതെന്നാണ് നാസറിൻ്റെ മൊഴി. പുലർച്ചെ രണ്ടു മണിയോടെയാണ് ഉറങ്ങിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ നാസർ പരസ്പര വിരുദ്ധമായി കാര്യങ്ങൾ സംസാരിക്കുന്നെന്നാണ് പൊലീസിൻ്റെ ഭാഗം. ഉറക്കത്തിനിടയിൽ ഹൃദയാഘാതം ഉണ്ടായി മരിച്ചതാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ടെന്ന് പൊലീസ് പറയുന്നു. 

YouTube video player