വരന്തരപ്പള്ളിയിൽ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
തൃശ്ശൂർ: വരന്തരപ്പള്ളിയിൽ യുവതിയുടെ മരണം കൊലപാതമെന്ന് തെളിഞ്ഞു. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന 34കാരിയായ ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവായ കുഞ്ഞുമോൻ (40) ദിവ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതിൽ നിന്നാണ് സംശയത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് വ്യക്തമായത്.
സെയിൽസ് ഗേളായി ജോലി ചെയ്യുന്ന ദിവ്യ ബസിലാണ് ജോലിക്ക് പോകാറുള്ളത്. ദിവ്യക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോൻ ബസിൽ ഭാര്യയെ പിന്തുടർന്നു. ജോലി സ്ഥലത്തേക്കുള്ള വഴിമധ്യേ ദിവ്യ ബസിൽ നിന്നിറങ്ങി ഒരു യുവാവിൻ്റെ ബൈക്കിൽ കയറിപ്പോകുന്നത് കുഞ്ഞുമോൻ കണ്ടു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ദമ്പതികൾക്ക് 11 വയസുള്ള മകനുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കുഞ്ഞുമോനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കും. ഇയാളിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.


