അധ്യാപകരുടെ എണ്ണക്കുറവും മോശം അടിസ്ഥാന സൗകര്യങ്ങളും ചൂണ്ടിക്കാട്ടി ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു. അക്രമസംഭവങ്ങളെ തുടർന്ന് നാനൂറോളം സ്കൂളുകൾ അടച്ചുപൂട്ടുകയും നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രശ്നപരിഹാരത്തിനായി സർക്കാർ വെള്ളിയാഴ്ച ചർച്ച നടത്തും.

പാരീസ്: അധ്യാപകരുടെ എണ്ണക്കുറവും മോശം അടിസ്ഥാന സൗകര്യങ്ങളുടെയും പേരിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭം ഫ്രാൻസിൽ ആളിക്കത്തി. പലയിടത്തും പ്രക്ഷോഭം അക്രമാസക്തമായി. രാജ്യത്തുടനീളം പ്രക്ഷോഭം കടുത്തതോടെ അടിയന്തര മുൻകരുതലിന്റെ ഭാഗമായി നാനൂറോളം സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. വിവിധയിടങ്ങളിൽ വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി.

അധ്യാപകരുടെ ഒഴിവുകൾ നികത്തുക, ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുക, സ്കൂളുകളുടെ ശോചനീയമായ സ്ഥിതി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. തലസ്ഥാനമായ പാരീസിന് പുറമെ ലില്ലെ, ലിയോൺ, നാന്റസ്, മാഴ്സെ, ബോർഡോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കെല്ലാം സമരം വ്യാപിച്ചു. ചിലയിടങ്ങളിൽ ബാരിക്കേഡുകളും മാലിന്യ നിക്ഷേപ ഡപ്പികളും കത്തിച്ചും റോഡുകൾ ഉപരോധിച്ചും വിദ്യാർത്ഥികൾ പ്രതിഷേധിച്ചപ്പോൾ, പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പ്രയോഗിച്ചു.

സമരവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ അടക്കം 440-ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലുകളിൽ 48 സുരക്ഷാ ഉദ്യോഗസ്ഥർക്കും 10 അധ്യാപകർക്കും നിരവധി വിദ്യാർത്ഥികൾക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അതിനിടെ, വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പൊതുമേഖലാ ജീവനക്കാരും അധ്യാപകരും ഫയർഫോഴ്സ് ജീവനക്കാരും രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചത് സർക്കാരിന് കൂടുതൽ തിരിച്ചടിയായിട്ടുണ്ട്. അക്രമ സംഭവങ്ങളെ ഫ്രഞ്ച് ഗവൺമെന്റ് ശക്തമായി അപലപിച്ചെങ്കിലും, വിദ്യാർത്ഥികൾ ഉന്നയിക്കുന്ന കാതലായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം സമ്മതിച്ചു. പ്രശ്നപരിഹാരത്തിനായി വെള്ളിയാഴ്ച വിദ്യാർത്ഥി സംഘടനകളുമായും അധ്യാപക യൂണിയനുകളുമായും ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ഇദ്വാർ ഗെഫ്രെ അറിയിച്ചു.