നെടുമ്പാശേരി വിമാനത്താവളത്തിൽ 44 ലക്ഷത്തിൻ്റെ വിദേശ കറൻസിയുമായി യുവതി പിടിയിൽ
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസികൾ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻറ് കസ്റ്റംസ് ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ദുബൈ വിമാനത്തിൽ പോകാനെത്തിയ മുവാറ്റുപുഴ സ്വദേശി ഗീതുവിന്റെ ബാഗിൽ നിന്നുമാണ് പണം പിടിച്ചടുത്തത്. 44 ലക്ഷം ഇന്ത്യൻ കറൻസിയുടെ മൂല്യം വരുന്ന സൗദി റിയാലാണ് ബാഗിൽ നിന്നും പിടിച്ചെടുത്തത്. വിദേശ കറൻസി എവിടെ നിന്നും ലഭിച്ചതാണെന്നും ആർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും വിശദമായി അന്വേഷിക്കുന്നുണ്ട്. ചെക്ക് ഇൻ ബാഗേജിനകത്ത് അലുമിനിയം ഫോയിൽ പാളികൾക്കുള്ളിൽ അതിവിദഗ്ധമായാണ് ഇത് ഒളിപ്പിച്ചിരുന്നത്.
ചിത്രം: യാത്രക്കാരിയിൽ നിന്ന് പിടികൂടിയ പണം




