പലപ്പോഴായി 50 കിലോ സ്വർണം കടത്തിയെന്ന്  തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സെറീന ഡിആര്‍ഐക്ക് മൊഴി നല്‍കി.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പലപ്പോഴായി 50 കിലോ സ്വർണം കടത്തിയെന്ന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സെറീന ഡിആര്‍ഐക്ക് മൊഴി നല്‍കി. വലിയ പ്രതിഫലമാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും സെറീന പറഞ്ഞു. 

കഴിഞ്ഞ ദിവസം അറസ്റ്റിലായ അഡ്വ ബിജു മനോഹരനും ഭാര്യ വിനീതയുമാണ് സെറീനക്ക് പണം വാഗ്ദാനം ചെയ്തത്. പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത് വിമാന ടിക്കറ്റും 20000 ദിർഹവുമാണ്. ബിജുവിന് വേണ്ടി തിരുവനന്തപുരം സ്വദേശി ജിത്തുവാണ് ആദ്യമായി സെറീനയെ ബന്ധപ്പെട്ടത്. 2018 ലാണ് ബിജുവിനെയും വിനീതയെയും താന്‍ പരിചയപ്പെട്ടതെന്നു സെറീന പറഞ്ഞു. 

ബിജുവിന്‍റെ നിര്‍ദ്ദേശ പ്രകാരം ദുബായില്‍ പോയി പലതവണ സ്വര്‍ണം കടത്തി. ജിത്തുവാണ് തനിക്ക് സ്വര്‍ണം കൈമാറിയിരുന്നതെന്നും സെറീന മൊഴി നല്‍കി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമ്പോള്‍ ഉദ്യോഗസ്ഥ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ബിജുവും ഭാര്യയും സ്വർണം കടത്തിയിട്ടുണ്ടെന്നും സെറീന മൊഴിയില്‍ പറയുന്നു.