തിരുവനന്തപുരം: കരുനാഗപ്പള്ളി തഴവയില്‍ സിപിഐ നേതാവിന്‍റെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 55 ചാക്ക് റേഷൻ സാധനങ്ങൾ പിടികൂടി. പരിശോധനയ്ക്ക് പൊലീസ് എത്തിയതോടെ വീട്ടുടമസ്ഥൻ ഓടി രക്ഷപ്പെട്ടു. 

സിപിഐ തഴവ ലോക്കൽ കമ്മറ്റി അംഗം എം നിസാമിന്‍റെ വീട്ടില്‍ നിന്നാണ് 53 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്പും പിടികൂടിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങൾ വാഹനത്തില്‍ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്. വാനും സമീപത്തുണ്ടായിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. 

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്‍റെ പരിശോധന. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസിനെ കണ്ട് രക്ഷപ്പെട്ട നിസാമിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.