27 മൃതദേഹങ്ങളും മറ്റുളളവ ശരീരഭാഗങ്ങളുമാണ്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കിയാണ് സംസ്കരിക്കുക. 

കൽപ്പറ്റ : തീരാനോവായി വയനാട് മുണ്ടക്കൈ. ഒരേ നാട്ടിൽ ജീവിച്ച് ഒരുമിച്ച് ദുരന്തം കവർന്നെടുത്തവർക്ക് ഒരുമിച്ച് അന്ത്യവിശ്രമമൊരുങ്ങുന്നു. മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച, തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളിൽ എട്ട് മൃതദേഹങ്ങൾ അൽപസമയത്തിനകം ഒരുമിച്ച് സംസ്കരിക്കും. പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകിട്ട് മന്ത്രി രാജൻ വാർത്താസമ്മേളനം നടത്തി അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങളാണ് സംസ്ക്കരിക്കുകയെന്ന് അറിയിക്കുകയായിരുന്നു. ഇതിനായി ഇനി സർക്കാർ ഉത്തരവ് കൂടി ഇറങ്ങേണ്ടതുണ്ട്. 

ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിള്‍ ശേഖരിക്കാൻ തുടങ്ങി; ക്യാമ്പുകളിൽ കഴിയുന്നവർ തയ്യാറായാൽ പരിശോധന നടത്തും

67 ൽ 27 മൃതദേഹങ്ങളും മറ്റുളളവ ശരീരഭാഗങ്ങളുമാണ്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കിയാകും സംസ്കരിക്കുക. കുഴിയെടുക്കുന്നതടക്കം പുരോഗമിക്കുകയാണ്. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. നിലം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നിരത്തി സംസ്കരിക്കുന്നതിനുള്ള കുഴികൾ എടുത്തു കഴിഞ്ഞു. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് കുഴികൾ എടുക്കുന്നത്. റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി 64 സെന്റ് സ്ഥലമാണ് ഇതിനായി അളന്നു തിട്ടപ്പെടുത്തിയത്. കൂട്ട സംസ്കാരം നടത്തുന്നതിന് മുകളിലെ ഭൂമിയിലായി സർവ്വമത പ്രാർത്ഥന നടത്താനുള്ള പ്ലാറ്റ്ഫോമും തയ്യാറാക്കുന്നുണ്ട്. എന്നാൽ സംസ്കാരം നടക്കുന്ന സ്ഥലത്ത് മഴപെയ്തു തുടങ്ങിയത് വലിയ തിരിച്ചടിയായിത്തീരുന്നുണ്ട്. മഴ തുടരുകയാണെങ്കിൽ സംസ്കാരച്ചടങ്ങുകൾ ഇനിയും വൈകിയേക്കും. 

YouTube video player