കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ ചന്തേര പൊലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വെള്ളൂർ, പടന്ന സ്വദേശികളായ രണ്ട് പേരിൽ നിന്നായി 38.5 ലക്ഷം രൂപ നിക്ഷേപമായി വാങ്ങി തിരിച്ചുനൽകാതെ വഞ്ചിച്ചെന്നാണ് കേസ്. ഇതോടെ എംസി കമുറുദ്ദീനെതിരെ 75 വഞ്ചനകേസുകളായി. 

നിലവിൽ അന്വേഷിക്കുന്ന പതിമൂന്ന് കേസുകൾക്ക് പുറമേ അൻപതിലധികം വഞ്ചനകേസുകളുടെ എഫ്ഐആ‌‍ർ ലോക്കൽ പൊലീസ് കൈമാറിയെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീൻകുട്ടി പറഞ്ഞു. ഈ കേസുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കാസർകോട് എസ്പി ഡി.ശിൽപ്പയടക്കം ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ചേർത്ത് വിപുലീകരിച്ച അന്വേഷണ സംഘം അടുത്ത ദിവസം യോഗം ചേരുമെന്നും എംഎൽഎയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ഈ യോഗത്തിൽ തീരുമാനിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.