ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് വീണ്ടും കണ്ടെത്തിയത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.

തൃശ്ശൂർ: കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ് ഒരാൾ മരിച്ച സംഭവത്തിൽ വീട്ടിലെ കിടപ്പുമുറിയിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് വീണ്ടും കണ്ടെത്തിയത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു. അതേസമയം അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അനോഷിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി. ട്യൂബുകൾ മാറ്റിയെന്നും ഡോക്ടർ അറിയിച്ചു. അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു. അമ്മൂമ്മയും ചേച്ചിയുമായും കുട്ടി വീഡിയോ കോളിൽ സംസാരിച്ചെന്നും ഡോക്ടർ അറിയിച്ചു. കുട്ടിയെ എഴുന്നേൽപ്പിച്ച് നിർത്തിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അനോഷിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടി മരുന്നുകളോട് ആദ്യം മുതലേ അനുകൂലമായി പ്രതികരിച്ചതും ചികിത്സയിൽ ഗുണമായി.

അതേസമയം തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ട് വയസ്സുകാരന്‍റെ വീടിന് ചുറ്റും വനം വകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടിരുന്നു. ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയിരുന്നു. വീട്ടിൽ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്. എട്ട് വയസുകാരൻ ആൽജോ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കുട്ടിയുടെ മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് എന്നായിരുന്നു പൊലീസ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസമാണ് അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയിൽ നിലത്തും പിന്നെ കട്ടിലിലും കുട്ടികൾ കിടന്നിരുന്നു. പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടറാണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമായി.