പുനലൂർ ആശുപത്രി സൂപ്രണ്ട് അടക്കം നാല് ഡോക്ടർമാരെയാണ് പ്രതി ചേർത്തിട്ടുള്ളത്. അശ്രദ്ധയോടെ കുട്ടിയെ ചികിത്സിച്ചുവെന്നും തെളിവ് നശിപ്പിക്കാൻ ആശുപത്രി സൂപ്രണ്ട് കൂട്ടുനിന്നുവെന്നുമാണ് എഫ് ഐ ആറിലുള്ളത്.
കൊല്ലം: കൊല്ലത്ത് എട്ടുവയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ കേസെടുത്തു. പുനലൂർ ആശുപത്രി സൂപ്രണ്ട് അടക്കം നാല് ഡോക്ടർമാരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ സുനിൽകുമാർ, ഡോക്ടർ ദേവിലക്ഷ്മി, ഡോക്ടർ അംജിത, ഡോക്ടർ ജയസൂര്യ എന്നിവരാണ് പ്രതികൾ. പുനലൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അശ്രദ്ധയോടെ കുട്ടിയെ ചികിത്സിച്ചുവെന്നും തെളിവ് നശിപ്പിക്കാൻ ആശുപത്രി സൂപ്രണ്ട് കൂട്ടുനിന്നുവെന്നുമാണ് എഫ് ഐ ആറിലുള്ളത്. ബിഎൻഎസ് 106 (1), 238, 3 (5) തുടങ്ങി മെഡിക്കൽ നെഗ്ലിജെൻസ് ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. കഴിഞ്ഞവർഷം ഏപ്രിൽ എട്ടിനാണ് നായയുടെ കടിയേറ്റ നിയ ഫൈസൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. മെയ് അഞ്ചിന് തിരുവനന്തപുരം എസ് എ റ്റിയിൽ ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു.
കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആൻറീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നൽകി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാക്സീനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും.


