ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് 87 പന്നികളെ നഷ്ടപ്പെട്ട കടങ്ങോട് സ്വദേശിയായ കർഷകൻ മനേഷിന് മൃഗസംരക്ഷണ വകുപ്പ് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. മന്ത്രി ജെ. ചിഞ്ചു റാണി നഷ്ടപരിഹാരത്തുക കൈമാറിയത്.
തിരുവനന്തപുരം: ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് പന്നികളെ നഷ്ടപ്പെട്ട കർഷകന് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ്. കടങ്ങോട് പഞ്ചായത്തിലെ പന്നി കർഷകനായ മനേഷിനാണ് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നഷ്ടപരിഹാരത്തുക കൈമാറിയത്.
ആഫ്രിക്കൻ പന്നിപ്പനി മൂലം 87 പന്നികളാണ് മനേഷിന് നഷ്ടമായത്. ഇതിനുള്ള നഷ്ടപരിഹാരമായി ദുരന്ത നിവാരണ ഫണ്ടിൽ നിന്നും എട്ട് ലക്ഷം രൂപയാണ് കർഷകന് നൽകിയത്. നിലവിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ ധനസഹായം അനുവദിക്കുന്നത് ഈ മേഖലയിലെ മറ്റുള്ള കർഷകർക്കും വലിയ ആശ്വാസമാവുകയാണ്.
വെള്ളാങ്ങല്ലൂർ പി സി കെ ഓഡിറ്റോറിയത്തിൽ നടന്ന ക്ഷീര സംഗമം പൊതു സമ്മേളന വേദിയിൽ വെച്ചാണ് മന്ത്രി ധനസഹായം വിതരണം ചെയ്തത്. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്ര കുമാർ, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ ഡോ. സുബിൻ, ഡോ. അമൃത, ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർ ശ്രീ റെജിൻ ജെയിംസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


