സിപിഎം അംഗത്വം പുതുക്കുന്നതിൽ മുതിർന്ന നേതാവ് ജി സുധാകരൻ മൗനം തുടരുകയാണ്. കേന്ദ്ര, ജില്ലാ നേതാക്കൾ അനുനയ ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ലെന്നാണ് സൂചന. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുമ്പോൾ, മുഖ്യമന്ത്രിയുടെ ഇടപെടലിലാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.
ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കുന്നതിൽ അനുനയ നീക്കത്തിന് വഴങ്ങാതെ മൗനം തുടർന്ന് ജി സുധാകരൻ. കേന്ദ്രകമ്മിറ്റി അംഗം സിഎസ് സുജാതയും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സുധാകരന്റെ ബന്ധു ജി ഹരിശങ്കറും വീട്ടിലെത്തി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി അറിയിച്ചു. സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുമോ എന്നതിലാണ് ആകാംക്ഷ. എന്നാൽ അംഗത്വം പുതുക്കുന്നതിൽ ഉറപ്പ് പറയാതെ മൂന്നാം ദിവസവും അദ്ദേഹം മൗനം തുടരുകയാണ്.
പാർട്ടി നിർദേശപ്രകാരമാണ് സുജാതയും ഹരിശങ്കറും ജി സുധാകരൻ്റെ വീട്ടിലെത്തിയത്. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയ ഇരുവരും സാധാരണ സന്ദർശനമെന്നാണ് പ്രതികരിച്ചത്. എന്നാൽ ഈ കൂടിക്കാഴ്ചയിലും അംഗത്വം പുതുക്കില്ലെന്ന നിലപാട് ജി സുധാകരൻ ആവർത്തിച്ചതായാണ് വിവരം. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ സിപിഎം സുധാകരനുമായി യുദ്ധം ആഗ്രഹിക്കുന്നില്ല. ജി സുധാകരൻ പാർട്ടിയിൽ തങ്ങളുടെയൊക്കെ നേതാവാണെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു.
സുധാകരൻ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാൻ പാർട്ടി നേതൃത്വം വേണ്ട രീതിയിൽ ഇടപെടുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. സിപിഎം അംഗത്വം പുതുക്കാൻ ഈ മാസം 31 വരെ സമയമുണ്ട്. അനുനയ ശ്രമം പാർട്ടി തുടരും. നാളെ പെരുമ്പളം പാലം ഉൾപ്പടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ജില്ലയിൽ എത്തുന്നുണ്ട്. ജി സുധാകനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടികാഴ്ച നടത്തിയേക്കും. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് ജി സുധാകരന് ക്ഷണം ഉണ്ടെങ്കിലും കാലിന് പരിക്കേറ്റ് വിശ്രമത്തിലായതിനാൽ അദ്ദേഹം പരിപാടിയിൽ പങ്കെടുക്കില്ല.


