ഇ-ബുള്‍ ജെറ്റ് അതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ്. ലോക്ഡൗണ്‍ കാലത്താണ് ഇത്തരം പ്രവണതകള്‍ കൂടിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഹരമായി മാറുകയണ്. രണ്ട് വര്‍ഷത്തിനിടയില്‍ ചട്ടം ലംഘിച്ച് രൂപമാറ്റം വരുത്തിയ 9040 വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. 4.75 കോടി രൂപയാണ് പിഴ ചുമത്തിയത്. രൂപമാറ്റം വരുത്തി അതിവേഗം പായുന്ന വാഹനങ്ങൾ ഉണ്ടാക്കിയ അപകടങ്ങളുടെ കണക്ക് 814.

ഓരോ വാഹനങ്ങൾക്കും അത് രൂപകൽപന ചെയ്ത് നിർമ്മിക്കുന്ന കമ്പനികള്‍ ഡിസൈൻ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇപ്രകാരം രജിസ്റ്റർ ചെയ്ത വാഹനത്തിന്‍റെ രൂപം മാറ്റാൻ നിയമ പ്രകാരം നിബന്ധനകളുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ ആർസി ബുക്കിൽ ഈ മാറ്റങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് മറ്റ് യാത്രക്കാരെ അപായപ്പെടുത്തില്ലെന്ന ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ അനുവാദം കിട്ടൂ. എന്നാല്‍ സ്റ്റിക്കര്‍ മുതല്‍ വാഹനത്തിന്‍റെ ടയര്‍വരെ ഒട്ടുമിക്ക ഭാഗങ്ങളും അനുമതിയില്ലാതെ മാറ്റി അവതരിപ്പിച്ച് വൈറലാക്കുകയാണ് ഇപ്പോഴത്തെ രീതി.

ഇ-ബുള്‍ ജെറ്റ് അതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ്. ലോക്ഡൗണ്‍ കാലത്താണ് ഇത്തരം പ്രവണതകള്‍ കൂടിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2020 ല്‍ 3726 വാഹനങ്ങളാണ് രൂപമാറ്റം വരുത്തിയതിന് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്. ഈ വര്‍ഷം ഇതുവരെ 5314 വാഹനങ്ങള്‍ പിടിച്ചെടുത്തു. ബൈക്കുകളാണ് ഈ കാലയളവില്‍ ഏറ്റുമധികം രൂപമാറ്റം വന്നത്. ഇവര്‍ വരുത്തിവച്ച അപകടങ്ങള്‍ 814.

രണ്ടാഴ്ച മുൻപ് ചങ്ങനാശേരിയില്‍ രൂപമാറ്റം വരുത്തിയ ബൈക്കുകള്‍ മത്സരയോട്ടം നടത്തി കൂട്ടിയിടിച്ചപ്പോള്‍ നഷ്ടമായത് മൂന്ന് ജീവനുകളാണ്. ഇൻസ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്യാനായിരുന്നു യുവാക്കള്‍ ഹെല്‍മറ്റില്‍ ക്യാമറ വച്ച് ബൈക്കോട്ട മത്സരം നടത്തിയത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പല പേരുകളില്‍ അറിയപ്പെടുന്ന നൂറ് കണക്കിന് അക്കൗണ്ടുകള്‍ നോക്കിയാലറിയാം നിയമലംഘനങ്ങളുടെ നൂറുകണക്കിന് ഉദാഹരണങ്ങള്‍