തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കാലാവധി അവസാനിച്ച മരുന്ന് വിതരണം ചെയ്തതായി പരാതി. രണ്ടര മാസം പ്രായമായ കുഞ്ഞിന് വാക്സിൻ എടുത്തതിന് ശേഷം നൽകിയ സിറപ്പിനെതിരെയാണ് പരാതി.
കൊല്ലം: കൊല്ലത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കാലാവധി അവസാനിച്ച മരുന്ന് വിതരണം ചെയ്തതായി പരാതി. തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് എതിരെയാണ് ആരോപണം. ഇന്ന് കാലാവധി അവസാനിക്കുന്ന മരുന്നാണ് വിതരണം ചെയ്തത്. രണ്ടര മാസം പ്രായമായ കുഞ്ഞിന് വാക്സിൻ എടുത്തതിന് ശേഷം നൽകിയ സിറപ്പിനെതിരെയാണ് പരാതി. കുഞ്ഞിൻ്റെ പിതാവ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതോടെ മറ്റൊരു മരുന്ന് മാറ്റി നൽകുകയായിരുന്നു. അതേസമയം, കാലാവധി ഇന്ന് കഴിയുന്ന മരുന്ന് കുഞ്ഞിന് നൽകിയതിൽ വീഴ്ചയുണ്ടായെന്ന് സിഎച്ച്സി അധികൃതർ സമ്മതിച്ചു. ശ്രദ്ധയിൽപ്പെട്ട ഉടൻ മരുന്ന് മാറ്റി നൽകിയെന്നും മറ്റാർക്കും ഈ മരുന്ന് നൽകിയിട്ടില്ലെന്നും ഹെൽത്ത് സൂപ്പർ വൈസർ സുരേഷ് ബാബു അറിയിച്ചു.

