Asianet News MalayalamAsianet News Malayalam

'പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും'; കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എ കെ ആന്‍റണി

വർഷങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം നിർത്തിയതാണെന്നും പല കാര്യങ്ങൾക്ക് വേണ്ടിയായിരുന്നു ദില്ലി യാത്രയെന്നും എ കെ ആന്റണി  മാധ്യമങ്ങളോട് പ്രതികരിച്ചു.

a k antony response about congress president election
Author
First Published Sep 27, 2022, 5:41 PM IST

ദില്ലി: എഐസിസി അധ്യക്ഷൻ ആകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വർഷങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം നിർത്തിയതാണെന്നും പല കാര്യങ്ങൾക്ക് വേണ്ടിയായിരുന്നു ദില്ലി യാത്രയെന്നും എ കെ ആന്റണി  മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തർക്കങ്ങളും നിലനിൽക്കെയാണ് കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിർണായക നീക്കം. ചർച്ചകൾക്കായി മുതിർന്ന നേതാവ് എകെ ആന്റണിയെ ദില്ലിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. അശോക് ഗലോട്ടിന് പകരം പുതിയ പേരുകളിൽ ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് ആന്‍റണിയെ സോണിയ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചത്. രാത്രിയോടെ ആന്റണി ദില്ലിയിലെത്തി സോണിയ ഗാന്ധിയെ കാണും എന്നാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ വിഭാഗത്തിന്റെയും യോജിപ്പോടെ ഒരു നേതാവിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രവർത്തക സമിതിയിലെ മുതിർന്ന അംഗമായ എകെ ആന്റണിയെ ദില്ലിയിലെത്തിച്ച്, സമവായ നീക്കമാണ് കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്നത്.

അതേസമയം, കോൺഗ്രസ്‌ അധ്യക്ഷ പദവിയിലേക്കുള്ള മത്സര സാധ്യത തള്ളാതെയായിരുന്നു മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗിന്‍റെ പ്രതികരണം. താങ്കൾ മത്സരിക്കുമോ എന്ന ചോദ്യത്തിന് 30 വരെ കാത്തിരിക്കണമെന്നായിരുന്നു ദിഗ് വിജയ് സിംഗിന്‍റെ മറുപടി. രാജസ്ഥാൻ പ്രതിസന്ധിയെക്കുറിച്ച് താൻ മറുപടി പറയുന്നില്ലെന്നും ദിഗ്വിജയ് സിംഗ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. 

അതിനിടെ, അശോക് ഗലോട്ട് സോണിയ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചെന്നും റിപ്പോർട്ടുണ്ട്. എംഎൽഎമാരുടെ നീക്കം തന്‍റെ അറിവോടെയല്ലെന്ന് അശോക് ഗലോട്ട് അറിയിച്ചു എന്നാണ് വിവരം. സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗമായ എ കെ ആന്‍റണിയെ സോണിയ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios