പ്രഫുൽ പട്ടേൽ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണെന്നും രാജിവെക്കില്ലെന്നും എ കെ ശശീന്ദ്രൻ

കോഴിക്കോട്: എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട പ്രഫുൽ പട്ടേലിനോട് പാർട്ടി ഭരണഘടന വായിക്കാൻ ആവശ്യപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രൻ. ഭരണഘടന പ്രകാരം പാർട്ടിയിൽ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനം ഇല്ല. ഇല്ലാത്ത പദവിയുടെ പേരിൽ അധികാരം പ്രയോഗിക്കാൻ കഴിയില്ല. എനിക്കോ തോമസ് കെ തോമസിനോ കത്തയക്കാൻ അദ്ദേഹത്തിന് കഴിയില്ല. അതിനാൽ തന്നെ കത്ത് ഗൗരവമായി എടുക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

അജിത് പവാർ പക്ഷത്തെ ഔദ്യോഗിക പക്ഷം ആക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതി ഹർജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഹർജിയിൽ തീരുമാനം ആകുന്നത് വരെ ഇങ്ങനെ ഒരു നടപടി സാധ്യമാകില്ല. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയത്തിൽ ധൃതി പിടിച്ച് തീരുമാനം എടുക്കുന്നത് എന്തിന്? താനോ , തോമസ് കെ തോമസോ രാജി വെക്കില്ല. അച്ചടക്ക നടപടിക്ക് വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു.

പാർട്ടി ഭരണഘടന പ്രകാരം വർക്കിംഗ് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് പദവികളില്ലെന്നതാണ് പ്രഫുൽ പട്ടേൽ ആദ്യം പരിശോധിക്കേണ്ടത്. രാജാവാണെന്നു സ്വയം വിശ്വസിക്കുകയാണ് പ്രഫുൽ പട്ടേൽ. അദ്ദേഹം രാജാവല്ല. പാർട്ടി ഭരണഘടന അനുസരിച്ചാണ് അദ്ദേഹത്തെ പോലെയുള്ള നേതാക്കൾ പ്രവർത്തിക്കേണ്ടത്. പരിചയ സമ്പന്നനായ ആളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു നടപടി പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

YouTube video player