Asianet News MalayalamAsianet News Malayalam

'പിണറായി പ്രകാശം പരത്തിയ മനുഷ്യന്‍; സതീശന്‍ അഹങ്കാരത്തിന് കയ്യും കാലും വച്ചയാള്‍'; ആഞ്ഞടിച്ച് എ എന്‍ ഷംസീര്‍

പിണറായി പ്രകാശം പരത്തിയ മനുഷ്യനാണെന്ന് പറഞ്ഞ എ എന്‍ ഷംസീര്‍ എംഎല്‍എ, അഹങ്കാരത്തിന് കയ്യും കാലും വച്ചയാളാണ് വി ഡി സതീശനെന്നും വിമര്‍ശിച്ചു.

A N Shamseer mla against vd satheesan and udf in kerala assembly over gold smuggling case
Author
Thiruvananthapuram, First Published Jun 28, 2022, 3:00 PM IST

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യുമ്പോള്‍ നിയമസഭയില്‍ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍. പിണറായി വിജയന്‍ പ്രകാശം പരത്തിയ മനുഷ്യനാണെന്ന് പറഞ്ഞ എ എന്‍ ഷംസീര്‍ എംഎല്‍എ, അഹങ്കാരത്തിന് കയ്യും കാലും വച്ചയാളാണ് വി ഡി സതീശനെന്നും വിമര്‍ശിച്ചു.

ജനക്ഷേമ നയങ്ങള്‍ നടപ്പാക്കി മുന്നോട് പോകുന്ന ഇടത് പക്ഷ സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ് വലത് പക്ഷവും ബിജെപിയും. സ്വർണ്ണക്കടത്ത് ആരോപണം ഇസ്ലാമോ ഫോബിയ ആവുകയാണ്. ആദ്യം ഖുർആൻ, പിന്നെ ഈത്തപ്പഴം, ഇപ്പോൾ ബിരിയാണി ചേമ്പ് എന്നിങ്ങനെ പോകുന്നു ആരോപണങ്ങള്‍. ഖുര്‍ആനും ബിരിയാണിച്ചെമ്പും ഇസ്ലാമോഫോബിയക്കായി ഉപയോഗിക്കുകയാണ്. പ്രതിപക്ഷം ഇസ്ലാമോഫോബിയ വക്താക്കളാകുന്നുവെന്നും എ എന്‍ ഷംസീര്‍ വിമര്‍ശിച്ചു. 

സ്വപ്ന സുരേഷിന്‍റെ അഡ്വക്കേറ്റ് കൃഷ്ണരാജ് വര്‍ഗീയ ഭ്രാന്തനാണെന്ന് വിമര്‍ശിച്ച ഷംസീര്‍, മതന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാവുന്ന ഏറ്റവും വലിയ മുഖമാണ് പിണറായി വിജയന്‍റേതെന്ന് പ്രശംസിച്ചു. പാണക്കാട് തങ്ങൾ അല്ല, പിണറായി വിജയനാണ് പ്രകാശം പരത്തിയ മനുഷ്യന്‍. വൈദ്യുതി മന്ത്രിയായിരിക്കെ കേരളമാകെ വെളിച്ചം നല്‍കിയത് പിണറായി വിജയനാണ്. അതിനെതിരെയും വന്നു ആരോപണം. എന്നാല്‍, എല്ലാ ആരോപണങ്ങളെയും മറികടന്ന് തുടര്‍ച്ചയായ രണ്ട് തവണയാണ് പിണറായി മുഖ്യമന്ത്രിയായത്. എന്നിട്ടും പ്രതിപക്ഷം വംശീയ അധിക്ഷേപം നടത്തിയെന്ന് എ എന്‍ ഷംസീര്‍ വിമര്‍ശിച്ചു.

Also Read:  'സ്വർണ്ണകടത്തിലെ രണ്ടാം എപ്പിസോഡിന് പിന്നിൽ കോൺഗ്രസ്, bjp, pc ജോർജ് ഉൾപ്പെട്ട സംഘം'; സഭയില്‍ ഭരണപക്ഷ പ്രതിരോധം

പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഹങ്കാരമാണ്. അദ്ദേഹത്തോട് മുൻപ് ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ലെന്ന് പറഞ്ഞ ഷംസീർ, മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്ന് വിളിക്കാമോ എന്നും ചോദിച്ചു. മാനനഷ്ടക്കേസ് നൽകാത്തത് വഴിയിൽ കുരയ്ക്കുന്ന നായ്ക്കളെ എല്ലാം കല്ലെറിയാൻ നിന്നാൽ ലക്ഷ്യത്തിൽ എത്തില്ലെന്ന് അറിയാവുന്നത് കൊണ്ടാണെന്നും എ എൻ ഷംസീർ കൂട്ടിച്ചേര്‍ത്തു. അതേസമയം, മുഖ്യമന്ത്രി തുടരരുതെന്ന് കെ കെ രമ എംഎല്‍എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയ്ക്ക് എന്തോ മറയ്ക്കാൻ ഉണ്ടെന്നും വാൽ മുറിച്ച് ഓടുന്ന പല്ലിയുടെ കൗശലമാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും കെ കെ രമ വിമര്‍ശിച്ചു.  

Also Read: സ്വര്‍ണകടത്ത് കേസ്; അടിയന്തര പ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു

Follow Us:
Download App:
  • android
  • ios