Asianet News MalayalamAsianet News Malayalam

സിപിഐ നേതാവ് പി. രാജു 45 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി കൊടുങ്ങല്ലൂർ സ്വദേശി

കൃഷി വകുപ്പ് ഭരിക്കുന്നത് സിപിഐ ആയതിനാല്‍ ഹോര്‍ട്ടി കോര്‍പ്പില്‍ സ്വാധീനമുണ്ടെന്നും തമിഴ് നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി കൊണ്ട് വന്ന് വിറ്റാല്‍ വൻ ലാഭമുണ്ടാവമെന്നും പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. 

A native of Kodungallur complained that the CPI leader had stolen 45 lakhs sts
Author
First Published Jan 20, 2024, 6:38 AM IST

കൊച്ചി: പച്ചക്കറി കച്ചവടത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് എറണാകുളത്തെ സി പി ഐ നേതാവ് പി രാജുവും സുഹൃത്തുക്കളും 45 ലക്ഷം രൂപ തട്ടിച്ചെന്ന് യുവാവിന്‍റെ പരാതി. കൃഷി വകുപ്പ് ഭരിക്കുന്നത് സിപിഐ ആയതിനാല്‍ ഹോര്‍ട്ടി കോര്‍പ്പില്‍ സ്വാധീനമുണ്ടെന്നും തമിഴ് നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി കൊണ്ട് വന്ന് വിറ്റാല്‍ വൻ ലാഭമുണ്ടാവമെന്നും പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. ലാഭവും മുടക്കുമുതലും ഒന്നും കിട്ടാതായതോടെ കൊടുങ്ങല്ലൂര്‍ സ്വദേശി അഹമ്മദ് റസീൻ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി.

സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജു, ഡ്രൈവര്‍ ധനീഷ്, വിതുല്‍ ശങ്കര്‍,സി വി സായ് എന്നിവര്‍ക്കെതിരെയാണ് പരാതി. രണ്ട് വര്‍ഷം മുമ്പ് ധനീഷ് പറഞ്ഞതു പ്രകാരമാണ് സിപിഐ ഓഫീസിലെത്തി അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി രാജുവിനെ കണ്ടതെന്ന് അഹമ്മദ് റസീൻ പറഞ്ഞു. ഹോര്‍ട്ടിക്കോര്‍പ്പിന് പച്ചക്കറി വിറ്റാല്‍ വൻ ലാഭമുണ്ടാവുമെന്നും ഭരണ സ്വാധീനമുള്ളതിനാല്‍ പണം കിട്ടാൻ കാലതാമസമുണ്ടാവില്ലെന്നും പി രാജു ധരിപ്പിച്ചു.

തമിഴ് നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും പച്ചക്കറി വാങ്ങി ഹോര്‍ട്ടികോര്‍പ്പിന് വില്‍ക്കുന്ന ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തു പല തവണകളായി 62 ലക്ഷം രൂപ പി രാജുവിന്‍റെ നിര്‍ദ്ദേശ പ്രകാരം ഡ്രൈവര്‍ ധനീഷിനും സുഹൃത്ത് വിതുലിനും നല്‍കി. ബാങ്ക് വഴിയാണ് പണം നല്‍കിയത്. ഇതില്‍ 17 ലക്ഷം രൂപ തിരിച്ചു കിട്ടി. ബാക്കി 45 ലക്ഷം രൂപ കിട്ടിയില്ല. അന്വേഷിച്ചപ്പോള്‍ ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും ഇവര്‍ക്ക് പണം കിട്ടിയതായി അറിഞ്ഞു. താൻ കൊടുത്ത പണത്തില്‍ നിന്ന് 15 ലക്ഷം രൂപ ചിലവിട്ട് പി രാജു ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങിയെന്നും അറിഞ്ഞു. കബളിക്കപെട്ടെന്ന് മനസിലായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും അഹമ്മദ് റസീൻ പറഞ്ഞു.

എന്നാല്‍ അഹമ്മദ് റസീനുമായി ബിസിനസ് പങ്കാളിത്തം പോയിട്ട് പരിചയം പോലുമില്ലെന്നാണ് പി രാജു പറഞ്ഞത്. പണം കിട്ടാനുണ്ടെന്ന് പറഞ്ഞ് വന്നപ്പോള്‍ പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഇടപെടുകയാത്രമാണ് ചെയ്തത്. കാര്‍ വാങ്ങിയത് തന്‍റെ പണം ഉപയോ​ഗിച്ചാണെന്നും പി രാജു വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios