ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിനെ തുടർന്ന് ഹൈക്കോടതി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇമെയിൽ ശ്രദ്ധയിൽപെട്ടില്ലെന്ന് അന്വേഷണത്തെ സ്വാഗതം ചെയ്ത് മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്‌മകുമാർ
കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് മുൻ ദേവസ്വം പ്രസിഡൻ്റ് എ പദ്‌മകുമാർ. ദേവസ്വം ബോർഡ് പ്രസിഡണ്ടിന് ഒട്ടേറെ ആളുകൾ ഇമെയിൽ അയക്കും, അത് സ്വാഭാവികം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇമെയിൽ തൻ്റെ ശ്രദ്ധയിൽ വന്നിട്ടില്ല. എല്ലാം അന്വേഷണത്തിൽ തെളിയട്ടെ. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. അന്വേഷണത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.യ
മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് ദേവസ്വം വിജിലൻസിൻ്റെ റിപ്പോർട്ട്. 2019 ജുലൈ മാസത്തിലാണ് സ്വർണ്ണപ്പാളികൾ പോറ്റിക്ക് കൈമാറുന്നത്. ഇതിന് ഒരുമാസം മുമ്പ് പോറ്റി യാഹൂ അക്കൗണ്ടിൽ നിന്ന് എ പത്മകുമാറിന് അയച്ച ഇ മെയിൽ സന്ദേശം ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സ്വർണത്തിന്‍റെ വിവരങ്ങൾ ആരായുന്നുണ്ട്. പിന്നാലെയാണ് സ്വർണപാളികള്‍ ബോർഡ് പോറ്റിക്ക് കൈമാറുന്നത്. ചട്ടവിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ പോറ്റിക്ക് അനുമതി നൽകിയതിലും പരിശോധന നടത്താതെ തിരികെ കൊണ്ടുവന്നതിലും അടിമുടി ദുരൂഹതയുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ട്. അന്വേഷണം പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും നിർണ്ണായക വിവരങ്ങൾ ലഭിച്ചതോടെയാണ് ഇടക്കാല റിപ്പോർട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് കൈമാറിയത്.
സംഭവത്തിൽ എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഹൈക്കോടതി, അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. സംഭവത്തിൽ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോ എന്നടക്കം അന്വേഷണ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.



