ഇടതുപക്ഷ കോട്ടയായ ദേവികുളം 2026-ൽ ഒരു ചരിത്രപരമായ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുകയാണ്. സിറ്റിംഗ് എംഎൽഎ എ രാജ, യുഡിഎഫിന്റെ എഫ് രാജ, മുൻ സിപിഎം നേതാവും ഇപ്പോൾ എൻഡിഎ സ്ഥാനാർത്ഥിയുമായ എസ് രാജേന്ദ്രൻ എന്നിവർ തമ്മിലുള്ള 'രാജ'യുദ്ധം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുന്നു. 

ഇടുക്കിയുടെ മലനിരകളിൽ തേയില മണക്കുന്ന മണ്ണാണ് ദേവികുളം. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ഈ മണ്ഡലം, തോട്ടം തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങളുടെയും കരുത്തിലാണ് കാലങ്ങളായി ചുവന്നുനിൽക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമാകുന്ന നേതാക്കളെ നെഞ്ചേറ്റുന്ന ദേവികുളം വോട്ടർമാർ, വ്യക്തിപ്രഭാവത്തേക്കാൾ ഉപരിയായി അധികാരത്തോട് നേരിട്ട് ഏറ്റുമുട്ടാനുള്ള കരുത്തിനാണ് മുൻഗണന നൽകുന്നത്.

Add Asianetnews as a Preferred SourcegooglePreferred

2021: ആവേശം നിറഞ്ഞ പോരാട്ടം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരത്തിനായിരുന്നു മണ്ഡലം സാക്ഷ്യം വഹിച്ചത്. സിപിഎമ്മിലെ അഡ്വ. എ. രാജയായിരുന്നു ഇടതുകോട്ട കാക്കാനിറങ്ങിയത്. ആദിവാസി-തോട്ടം തൊഴിലാളി മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം 59,049 വോട്ടുകൾ (51.4%) നേടി വിജയിച്ചു. കോൺഗ്രസിന്റെ ഡി. കുമാർ കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും 51,201 വോട്ടുകൾ (44.5%) നേടി രണ്ടാം സ്ഥാനത്തായി.

എൻഡിഎ സ്ഥാനാർത്ഥിയായ ഗണേശൻ എസ്. 4,717 വോട്ടുകൾ നേടി സാന്നിധ്യമറിയിച്ചു.7,848 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഡ്വ. എ. രാജ അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 2011-ലും 2016-ലും എസ്. രാജേന്ദ്രനിലൂടെ ഇടതുപക്ഷം നേടിയ ഭൂരിപക്ഷത്തേക്കാൾ മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ 2021-ൽ എൽഡിഎഫിന് സാധിച്ചു.

2026: മൂന്ന് 'രാജ'ാക്കന്മാരുടെ അങ്കത്തട്ട്

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം ചരിത്രപരമായ ഒരു പോരാട്ടത്തിനാണ് വേദിയാകുന്നത്. മൂന്ന് പ്രധാന മുന്നണികളും 'രാജ' എന്ന് പേരുള്ള സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത് എന്ന സവിശേഷതയുമുണ്ട്. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുസർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചാണ് സിറ്റിംഗ് എംഎൽഎ കൂടിയായ എ രാജ ജനവിധി തേടുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള റോഡുകൾ, തോട്ടം തൊഴിലാളികളുടെ ശമ്പള വർധനവ്, ലൈഫ് പദ്ധതിയിലൂടെയുള്ള ഭവന നിർമ്മാണം, ക്ഷേമ പെൻഷനിലെ വർധനവ് എന്നീ വികസന പ്രവർത്തനങ്ങൾ പറഞ്ഞാണ് എ രാജ വോട്ടു ചോദിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. തുടർച്ചയായ മൂന്നാം ഇടത് മന്ത്രിസഭ എന്ന ലക്ഷ്യത്തോടെ വികസനത്തുടർച്ചയ്ക്കാണ് അദ്ദേഹം വോട്ട് ചോദിക്കുന്നത്.

മൂന്നാർ ആറ്റുകാട് സ്വദേശിയായ എഫ്. രാജയാണ് യുഡിഎഫ് സ്ഥാനാർഥി. അദ്ദേഹം കന്നി മത്സരത്തിനാണ് ഇറങ്ങുന്നത്.പള്ളിവാസൽ പഞ്ചായത്തംഗം, അടിമാലി ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ഇദ്ദേഹം ടൂറിസം മേഖലയിൽ സജീവമാണ്. മണ്ഡലത്തിലെ ഭരണവിരുദ്ധ വികാരവും പ്രാദേശിക പ്രശ്നങ്ങളും വോട്ടാക്കി മാറ്റാനാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്.

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ ട്വിസ്റ്റ് മുൻ സിപിഎം നേതാവ് എസ് രാജേന്ദ്രന്റെ മുന്നണി മാറ്റമാണ്. എസ് രാജേന്ദ്രൻ ഇപ്രാവശ്യം എൻഡിഎയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നത്. മൂന്ന് തവണ സിപിഎം എംഎൽഎയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ച രാജേന്ദ്രന് മണ്ഡലത്തിലെ ഓരോ മുക്കും മൂലയും സുപരിചിതമാണ്. സിപിഎം വോട്ടുകളിൽ വിള്ളലുണ്ടാക്കി തന്റെ വ്യക്തിപ്രഭാവത്തിലൂടെ വിജയിച്ചുകയറാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

വിധി കാത്ത് ദേവികുളം

ഇടതുകോട്ട കാക്കാൻ എ രാജയും, അട്ടിമറി വിജയം തേടി എഫ് രാജയും, പഴയ തട്ടകത്തിൽ പുതിയ പാർട്ടി ചിഹ്നത്തിൽ എസ് രാജേന്ദ്രനും അണിനിരക്കുമ്പോൾ ദേവികുളത്തെ തോട്ടം തൊഴിലാളികൾ ആർക്കൊപ്പം നിൽക്കുമെന്നത് പ്രവചനാതീതമാണ്. വികസനവും രാഷ്ട്രീയ മാറ്റവും വ്യക്തിബന്ധങ്ങളും നേർക്കുനേർ പോരാടുന്ന ഈ 'രാജ'യുദ്ധം കേരളം ഉറ്റുനോക്കുന്ന ഒന്നായി മാറിയിരിക്കുന്നു.