രൂപീകരിച്ചത് മുതൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ഷൊർണൂർ മണ്ഡലത്തിൽ ഇത്തവണയും പോരാട്ടം കനക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർദ്ധിപ്പിക്കുന്ന എൽഡിഎഫിന്, പി ഹരിഗോവിന്ദനെ ഇറക്കി ശക്തമായ വെല്ലുവിളി ഉയർത്തുകയാണ് യുഡിഎഫ്. പി മമ്മിക്കുട്ടി വീണ്ടും ജനവിധി തേടുമ്പോൾ എൻഡിഎയും മത്സരരംഗത്തുണ്ട്.

കേരളത്തിൽ തെരഞ്ഞെടുപ്പ് ചൂടേറുകയാണ്. സംസ്ഥാനത്ത് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ഇനി വെറും 3 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 10 വർഷത്തെ തുടർഭരണത്തിന് ശേഷം വീണ്ടും നിർണായകമായ പോരാട്ടമാണ് സിപിഎമ്മിന് മുന്നിലുള്ളതെങ്കിൽ, ഭരണം തിരിച്ചു പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് യുഡിഎഫ്. ഇടതുപക്ഷത്തിന്റെ ഭരണ വീഴ്ച്ചകളും, സിപിഎമ്മിലെ കൊഴിഞ്ഞു പോക്കുമെല്ലാം ആയുധമാക്കുകയാണ് വലതുപക്ഷം. അതേ സമയം, മാറ്റം വേണമെന്ന ആശയമാണ് എൻഡിഎ ജനങ്ങളിലേക്ക് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. അതു കൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിലെ ഓരോ മണ്ഡലങ്ങളും നിർണായകമാണ്.

രൂപീകരിച്ചത് മുതൽ ഇടതിനോടൊപ്പം മാത്രം നിന്നിട്ടുള്ള, സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് പാലക്കാട് ജില്ലയിലെ ഷൊർണൂർ മണ്ഡലം. ഷൊർണ്ണൂർ, ചെർപ്പുളശ്ശേരി നഗരസഭകളും ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി, ചളവറ, നെല്ലായ, തൃക്കടീരി, വാണിയംകുളം, വെള്ളിനേഴി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഷൊർണ്ണൂർ നിയമസഭാമണ്ഡലം. 2008 ൽ രൂപീകൃതമായ മണ്ഡലത്തിൽ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നത് 2011 ൽ ആയിരുന്നു.

ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി കെ എസ് സലീഖയാണ് ഷൊർണൂർ മണ്ഡലത്തിൽ ആദ്യ എംഎൽഎ ആയി അധികാരത്തിലേറിയത്. യുഡിഎഫ് സ്ഥാനാർത്ഥി ശാന്ത ജയറാമിനെയാണ് കെ എസ് സലീഖ പരാജയപ്പടുത്തിയത്. അതിന് ശേഷം 2016ൽ വീണ്ടും ഇടത് പക്ഷത്തിന്റെ പ്രതിനിധിയായി എംഎൽഎ പി.കെ ശശി അധികാരത്തിലേറിയിരുന്നു. 2021 ൽ നടന്ന തെരഞ്ഞെടുപ്പിലാണ് പി മമ്മിക്കുട്ടി എത്തുന്നത്. ഇപ്പോൾ, 2026ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകുന്നത് പി മമ്മിക്കുട്ടി തന്നെയാണ്. യുഡിഎഫിൽ നിന്ന് പി. ഹരിഗോവിന്ദനും എൻഡിഎ സ്ഥാനാർത്ഥിയായി ശങ്കു ടി ദാസും മത്സര രംഗത്തുണ്ട്. 2016 ൽ ഷൊർണൂർ എംഎൽഎ ആയിരുന്ന പി കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ യുഡിഎഫ് പിന്തുണയിൽ ഒറ്റപ്പാലം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഷൊർണൂർ മണ്ഡലത്തിലെ ഫലം സിപിഎമ്മിന് നിർണായകമാണ്.

ഷൊർണൂർ മണ്ഡലത്തെ സംബന്ധിച്ച് ഓരോ തെരഞ്ഞെടുപ്പിലും ഇടത്പക്ഷം വോട്ട്ശതമാനം ഉയർത്തിക്കൊണ്ടു വരുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. 2011 ൽ 13493, 2016 ൽ 24547, 2021ൽ 36674 എന്നിങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം. വരുന്ന തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇടതുപക്ഷം പൂർണമായും ആത്മവിശ്വാസമർപ്പിക്കുമ്പോൾ, പി ഹരിഗോവിന്ദനെപ്പോലെയുള്ള ശക്തനായ നേതാവിനെയിറക്കി പ്രതീക്ഷ വയ്ക്കുകയാണ് കോൺഗ്രസ്.