വിലങ്ങാട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കാട്ടുപോത്ത് അപകടകാരിയാണെന്നും വെടിവെച്ച് കൊല്ലണമെന്നുമുള്ള റിപ്പോർട്ട് കലക്ടർ സർക്കാരിന് അയക്കും. ഇതോടെ നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കാട്ടുപോത്ത് അപകടകാരിയാണെന്നും വെടിവെച്ച് കൊല്ലണമെന്നുമുള്ള റിപ്പോർട്ട് കലക്ടർ സർക്കാരിന് അയക്കും. ഇതോടെ നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ മൃതദേഹം ഇന്നലെ രാത്രി വീട്ടിൽ എത്തിച്ചപ്പോൾ അടുത്ത ബന്ധുവായ ജിജേഷ് എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചതും നാടിന്റെ നൊമ്പരമായി.

കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെയാണ് വിലങ്ങാട് വായാട് സ്വദേശി സുനിലിനെ കാട്ടുപോത്ത് കുത്തിക്കൊന്നത്. സുനിലിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഇന്നലെ രാത്രി അടുത്ത ബന്ധുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്തിരുന്നു. ഇന്നലെ അർദ്ധരാത്രിവരെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും ജനപ്രതിനിധികൾക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം നീണ്ടു. ജനവാസ മേഖലയിൽ സ്ഥിരം ഭീതിവിതയ്ക്കുന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലുക, വന്യമൃഗശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിക്കാതെ സംസ്കാരം നടക്കില്ല എന്ന നിലപാടായിരുന്നു ഇന്ന് നാട്ടുകാർ സ്വീകരിച്ചത്.

സ്ഥലം എംഎൽഎ കെഎം അഭിജിത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്. കാട്ടുപോത്ത് ഉപദ്രവകാരിയാണെന്നും വെടിവെച്ച് കൊല്ലണമെന്നുമുള്ള റിപ്പോർട്ട് കലക്ടർ സർക്കാരിന് അയക്കും. മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരമായ 14 ലക്ഷത്തിൽ 5 ലക്ഷം ഉടൻ കൈമാറും. 25 ലക്ഷം രൂപ നൽകണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ അറിയിക്കും. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ സുനിൽ ഓണാവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News