ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്തശേഷം പായ്ക്ക് ചെയ്താണ് കൊണ്ടുവന്നത്.
കൊച്ചി: വിദേശത്ത് നിന്നും സ്വര്‍ണ്ണം കടത്താൻ പുതിയ വഴിതേടി കള്ളക്കടത്തുകാര്‍. നെടുമ്പാശേരിയില്‍ സ്വര്‍ണ്ണ തോര്‍ത്തുകള്‍ കസ്റ്റംസ് പിടിച്ചെടുത്തു. ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ തൃശ്ശൂര്‍ സ്വദേശി ഫഹദ് ആണ് സ്വര്‍ണ്ണം പുതിയ രീതിയില്‍ കടത്താൻ ശ്രമിച്ചത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്തശേഷം പായ്ക്ക് ചെയ്താണ് ഇയാള്‍ കൊണ്ടുവന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയായിരുന്നു.
പരിശോധനയില്‍ ഇയാളില്‍ നിന്ന് കുടുതല്‍ തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെയാണ് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാര്‍ഗ്ഗത്തിന്‍റെ ചുരുളഴിഞ്ഞത്. സ്വര്‍ണ്ണത്തില്‍ മുക്കിയ അഞ്ച് തോര്‍ത്തുകളാണ് കസ്റ്റംസ് ഇയാളുടെ ബാഗില്‍ നിന്നും പിടിച്ചെടുത്തത്. ഈ തോര്‍ത്തുകളില്‍ എത്ര സ്വര്‍ണ്ണം ഉണ്ടാകുമെന്ന് കൃത്യമായി പറയാന്‍ കുറച്ചു ദിവസങ്ങള്‍ കൂടിയെടുക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
അതേസമയം കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാറുകൊണ്ട് ഇടിച്ചിട്ട് രക്ഷപ്പെട്ട സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ ആഢ൦ബര കാർ കണ്ടെത്തി. വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ച് അഞ്ച് കിലോയോളം സ്വർണ്ണം കടത്തിയ കേസിലെ പ്രധാന പ്രതി കോഴിക്കോട് കരുവൻ തുരുത്തി സ്വദേശി റിയാസിൻ്റെ കാറാണ് ഫറോക്കിലെ ബന്ധുവീട്ടിൽ നിന്നും ഇന്നലെ പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ച കരിപ്പൂരിൽ വച്ച് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവേ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് ഇയാൾ രക്ഷപ്പെടുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. അതേസമയം, റിയാസിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
