എറണാകുളം നോർത്ത്‌ റെയിൽവേ സ്റ്റേഷന്‌ എതിർവശം മേത്തർ ബിൽഡിംഗിലാണ് പുതിയ ഓഫീസ് തുറന്നത്

കൊച്ചി: ദില്ലിക്ക് പിന്നാലെ പഞ്ചാബിലും (Punjab) അധികാരത്തിലേറിയതിന്‍റെ ആവേശത്തിലാണ് ആം ആദ്മി പാർട്ടി (AAP). രാജ്യമാകെ ശക്തമായ സാന്നിധ്യമാകാനുള്ള തയ്യാറെടുപ്പുകളും പദ്ധതികളുമായാണ് പാർട്ടി മുന്നോട്ടുപോകുന്നത്. കേരളത്തിലും നേരത്തെ തന്നെ പ്രവർത്തനം തുടങ്ങിയ എ എ പി കൂടുതൽ ശക്തമായ സാന്നിധ്യമായി മാറാനുള്ള ശ്രമത്തിലാണ്. അതിനിടെ കേരളത്തിൽ പാർട്ടി പുതിയ ഓഫീസും തുറന്നു. സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനത്തിനായി കൊച്ചിയിലാണ് പുതിയ ഓഫീസ് തുറന്ന് പ്രവ‍ർത്തനം തുടങ്ങിയത്.

ആം ആദ്മി പാർട്ടിയുടെ പുതിയ കേരള സംസ്ഥാന ഓഫീസ്‌, എറണാകുളം നോർത്ത്‌ റെയിൽവേ സ്റ്റേഷന്‌ എതിർവശം മേത്തർ ബിൽഡിംഗിലാണ് തുറന്നത്. കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി (ദേശീയ നിരീക്ഷകൻ) എൻ രാജ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു. ആം ആദ്മി പാർട്ടി കേരളത്തിൽ ശക്തിപ്പെടുത്തുമെന്നും, പാർട്ടി ദേശീയ സമിതിയുടെ ഫോക്കസ്‌ സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുമെന്നും എൻ രാജ പറഞ്ഞു. കേരളത്തിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തി അടുത്ത പഞ്ചായത്ത്‌ നിയമസഭാ തെരെഞ്ഞെടുപ്പുകൾക്കായി സജ്ജമാക്കുകയാണ്‌ തന്റെ ദൗത്യം എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കൺവീനർ പി സി സിറിയക്ക്‌, സംസ്ഥാന സെക്രട്ടറി പദ്മനാഭൻ ഭാസ്ക്കരൻ, ട്രഷറർ മുസ്തഫ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ ഷൈബു മഠത്തിൽ, വേണുഗോപാൽ, ഷാജഹാൻ, എറണാകുളം ജില്ലാ കൺവീനർ സാജു പോൾ തുടങ്ങിയവർ പ്രസംഗിച്ചു.

ആം ആദ്മിയുടെ മിഷൻ ഹിമാചൽ, ഗുജറാത്തിലും കണ്ണ്

പഞ്ചാബ് തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്ക് പോലും അസൂയ ജനിപ്പിക്കുന്ന വിജയം കുറിച്ച ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഈ വര്‍ഷം അവസാനം നടക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പാണ് ആം ആദ്മി പ്രധാനമായും കണ്ണുവെച്ചിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ 68 സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. സെമിഫൈനല്‍ എന്ന നിലയില്‍ അടുത്ത മാസം നടക്കുന്ന ഷിംല കോര്‍പ്പേറന്‍ഷന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനും ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നു. ഇതിന് മുന്നോടിയായി പഞ്ചാബ് ജയത്തെ തുടര്‍ന്ന് ആം ആദ്മി നേതാവ് സത്യേന്ദര്‍ ജയിന്‍ ഷിംലയില്‍ റോഡ് ഷോ നടത്തി. 'വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഹിമാചലിലെ ആരോഗ്യ-വിദ്യാഭ്യാസ സംവിധാനം മോശമാണ്'- സത്യേന്ദര്‍ ജയിന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു. ഹിമാചലിനൊപ്പം ഗുജറാത്തിലും നിര്‍ണായക ശക്തിയാകാനാണ് ശ്രമം എ എ പിയുടെ ശ്രമം. ഇതിനായി പ്രത്യേക പദ്ധതികൾ തന്നെ അവർ അവതരിപ്പിക്കുന്നുണ്ട്.

ഇക്കുറി ഗോവയിലും എഎപി സാന്നിധ്യം അറിയിച്ചിരുന്നു. 40 അംഗ നിയമസഭയില്‍ രണ്ട് എംഎല്‍എമാരെ ജയിപ്പിക്കാന്‍ ആം ആദ്മിക്ക് കഴിഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിര്‍ണായക സ്വാധീനമാകുക എന്ന ലക്ഷ്യവും ആം ആദ്മി പാര്‍ട്ടിക്കുണ്ട്. രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കുന്നുണ്ടെന്ന മുന്‍തൂക്കം മുതലെടുത്ത് ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ആംആദ്മി കണ്ണുവെക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലും ആം ആദ്മി പ്രവര്‍ത്തനം സജീവമാക്കും.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117ല്‍ 92 സീറ്റും നേടിയാണ് ആം ആദ്മി ചരിത്രം സൃഷ്ടിച്ചത്. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് നിഷ്പ്രഭമായി. 2017 ലെ സംസ്ഥാന തെരഞ്ഞെടുപ്പിലാണ് ഗോവയില്‍ ആദ്യമായി ആം ആദ്മി മത്സരിച്ചത്. ഇക്കുറി നേടിയ രണ്ട് സീറ്റുകള്‍ ഭാവിയിലേക്കുള്ള നിക്ഷേപമായിട്ടാണ് ആംആദ്മി പാര്‍ട്ടിയും തലവന്‍ അരവിന്ദ് കെജ്രിവാളും കാണുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ കുതിപ്പ് മുന്‍നിര ദേശീയ പാര്‍ട്ടികള്‍ക്ക് അത്ര സുഖകരമല്ല. പഞ്ചാബില്‍ കോണ്‍ഗ്രസിനെ തുടച്ചുനീക്കിയ ആം ആദ്മി, ദില്ലിയില്‍ തുടര്‍ച്ചയായി നേടിയ വിജയങ്ങളിലൂടെ ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു.

നെഞ്ചൊപ്പം നിറഞ്ഞ അഴുക്കുചാല്‍ വൃത്തിയാക്കി എഎപി കൌണ്‍സിലര്‍; പാലില്‍ കുളിപ്പിച്ച് അനുയായികള്‍