Asianet News MalayalamAsianet News Malayalam

മിസ്റ്റര്‍ തുഷാര്‍, സ്വന്തം അച്ഛനോട് ചോദിക്കുക; തീവ്രവാദി പരാമര്‍ശത്തില്‍ മഅദ്‍നിയുടെ മറുപടി

താടിയും തൊപ്പിയും നിസ്കാര തഴമ്പുമൊക്കെ കണ്ട് ഇത്തരത്തില്‍ വിലയിരുത്തല്‍ നടത്തുന്നത് എങ്ങനെയാണെന്നും മഅദ്‍നി തുഷാറിനോട് ചോദിച്ചു

abdul nasar madani reply to thushar vellappally
Author
Bangalore, First Published Apr 14, 2019, 6:53 PM IST

ബംഗലുരു: ബി ഡി ജെ എസ് നേതാവും വയനാട്ടിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമര്‍ശത്തിന് പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅദ്‍നിയുടെ മറുപടി. സ്വന്തം അച്ഛനോടെങ്കിലും ചോദിച്ചിട്ട് വേണമായിരുന്നു ഇങ്ങനെയൊരു പരാമര്‍ശം തുഷാര്‍ നടത്താനെന്നായിരുന്നു മഅദ്‍നി പ്രതികരിച്ചത്. താടിയും തൊപ്പിയും നിസ്കാര തഴമ്പുമൊക്കെ കണ്ട് ഇത്തരത്തില്‍ വിലയിരുത്തല്‍ നടത്തുന്നത് എങ്ങനെയാണെന്നും മഅദ്‍നി ഫേസ്ബുക്കിലൂടെ തുഷാറിനോട് ചോദിച്ചു.

മഅദ്‍നിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

മിസ്റ്റർ തുഷാർ,
അച്ഛനോട് ഒന്നു ചോദിക്കുമല്ലോ?


വയനാട്‌ മണ്ഡലത്തിലെ ബി.ഡി.ജെ.എസ്. സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി ഇന്നലെ നരേന്ദ്രമോദി പങ്കെടുത്ത തെരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ എന്നെക്കുറിച്ച് തീവ്രവാദി എന്നും മറ്റും ആക്ഷേപിച്ചു പ്രസംഗിച്ചതായി അറിയാൻ കഴിഞ്ഞു.

തുഷാർ എന്തെങ്കിലും പറയുന്നതിന് സാധാരണയായി കേരളത്തിൽ ആരും മറുപടി പറഞ്ഞു കാണാറില്ല. മറുപടി അർഹിക്കുന്ന എന്തെങ്കിലും തുഷാർ പറയാറുമില്ല...

പക്ഷേ, നിലവിൽ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയായ ആൾ പങ്കെടുത്ത ഒരു വേദിയിലാണ് തുഷാർ സംസാരിച്ചത് എന്നത് കൊണ്ട് മാത്രമാണ് അതേ കുറിച്ചു ഇങ്ങനെ ഒരു പരാമർശം നടത്തുന്നത്.

മിസ്റ്റർ തുഷാർ, 'തീവ്രവാദി'യെന്നും 'ഭീകരവാദി'യെന്നുമൊക്കെയുള്ള ഒരുപാട് ആക്ഷേപങ്ങൾ കേട്ടു കൊണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു താങ്കളുടെ അച്ഛൻ ഉൾപ്പെടെ നിരവധി ഈഴവ സഹോദരന്മാർ ആത്മീയാചാര്യനായി കണ്ടിരുന്ന ശ്രീമത് ശാശ്വതീകാനന്ദ സ്വാമികൾ 1993-97 കാലഘട്ടത്തിൽ എന്നോടൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുള്ളത്.
സ്വാമിജിയുടെ പൂർണ അനുമതിയോടെയാണ് ഇപ്പോഴും താങ്കളുടെ അച്ഛന്റെ സഹയാത്രികനായ ശ്രീ.സുവർണ കുമാർ പിഡിപി യുടെ സ്ഥാപക ജനറൽ സെക്രട്ടറിയാകുന്നത്. ഡോക്ടർ ബാബാ സാഹെബ്‌ അംബേദ്കറുടെ ജന്മദിനത്തിൽ രൂപം കൊണ്ട പിഡിപി യിൽ താങ്കളുടെ പ്രിയ അച്ഛന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്ന പരേതനായ ex MLA വിജയരാഘവൻ ഉൾപ്പെടെ പലരും സംസ്ഥാന ഭാരവാഹികളായിരുന്നിട്ടുണ്ട്.
ഇപ്പോഴും സ്ത്രീകളും പുരുഷന്മാരുമായ നിരവധി ഈഴവ സഹോദരങ്ങൾ പിഡിപി യിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി ശശികുമാരി പ്രസിഡന്റ് ആയ പാർട്ടിയുടെ വനിതാ സംഘടനയായ Women's India Movement ന്റെ സംസ്ഥാന സെക്രട്ടറിയായ ഈഴവ സഹോദരി ശ്രീമതി രാജി മണിക്കും കുടുംബത്തിനും ഈ പ്രസ്ഥാനത്തിനും ആശയത്തോടുമുള്ള പ്രതിബദ്ധത വാക്കുകൾക്കൊക്കെ അതീതമാണ്.

മിസ്റ്റർ തുഷാർ,ഭീകരവാദ കുറ്റം ചുമത്തി എന്നെ അറസ്റ്റ് ചെയ്‌തു ഒമ്പതര വർഷം അകാരണമായി ജയിലിലടയ്ക്കപ്പെട്ട ശേഷം എല്ലാ കോടതികളും കുറ്റവിമുക്തനാക്കി പുറത്തിറങ്ങിയ ശേഷം മാവേലിക്കര SNDP Union സംഘടിപ്പിച്ച ചതയാഘോഷ ദിന പരിപാടി എന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കുമ്പോൾ ആ പരിപാടിയിൽ ബിജെപി നേതാവ് ശ്രീ സി കെ പത്മനാഭൻ പങ്കെടുത്തിരുന്നുവെന്നതിലപ്പുറം ആ പരിപാടി അന്ന് സംഘടിപ്പിച്ചതും അധ്യക്ഷനായിരുന്നതും താങ്കളുടെ പാർട്ടി ആയ BDJS ന്റെ നിലവിലെ അഖിലേന്ത്യാ സെക്രട്ടറിയായ സുഭാഷ് വാസുവായിരുന്നു.എന്റെ വീട്ടിലുൾപ്പെടെ നിരവധി തവണ എന്നെ സന്ദർശിച്ചിട്ടുള്ള ശ്രീ.സുഭാഷിനോട് എന്റെ 'ഭീകരവാദ'ത്തിന്റെആഴത്തെ പ്പറ്റി രാഹുലുമായുള്ള ഏറ്റുമുട്ടലൊക്കെ കഴിഞ്ഞു സമയം കിട്ടുമ്പോൾ താങ്കൾ ഒന്നു ചോദിച്ചു നോക്കുന്നത് നന്നായിരിക്കും.
ഏറ്റവും അവസാനം ഒന്നു കൂടി.
'ഭീകരവാദ' ത്തിന്റെ ഒമ്പതര വർഷത്തെ വിചാരണ മഹാമഹം കഴിഞ്ഞു തിരിച്ചെത്തിയ എന്നെ താങ്കളുടെ പ്രിയ പിതാവും മാതാവും കണിച്ചുകുളങ്ങരയിലെ വീട്ടിൽ ഊഷ്മളമായി സ്വീകരിച്ചിരുന്നുവെന്നത് താങ്കൾ അറിഞ്ഞിട്ടുണ്ടോ ആവോ!

അൻവാർശ്ശേരിയിൽ സഖാവ് വി.എസ് പങ്കെടുത്ത മാനവസൗഹൃദ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടു താങ്കളുടെ അച്ഛൻ ശ്രീ.വെള്ളാപ്പള്ളി നടേശൻ എന്നോട് ഭരണകൂടങ്ങൾ കാണിക്കുന്ന അനീതിയെക്കുറിച്ചു പ്രസംഗിച്ചതിന്റെ സി ഡി ആവശ്യമെങ്കിൽ എത്തിച്ചു തരാം.താങ്കളുടെ തിരക്കൊക്കെ കഴിയുമ്പോൾ ഒന്നു കേട്ടാൽ നന്നായിരിക്കും.
ഒരു കാര്യം കൂടി.... 'വർഗ്ഗീയത' പ്രസംഗിച്ചു എന്നു പറഞ്ഞു എനിക്കെതിരെ കേരളത്തിൽ എടുത്തിരുന്ന മുപ്പതിലധികം കേസുകളിലെ അവസാനത്തെ കേസും കോടതി വെറുതെ വിട്ടു.
പക്ഷെ,താങ്കളുടെ രാഷ്ട്രീയ ബോസുമാർ നാമനിർദ്ദേശ പത്രികയോടൊപ്പം കൊടുത്തിരിക്കുന്നത് ഇരുന്നൂറ്റിഅമ്പതും അതിലധികവുമൊക്കെ കേസുകളുടെ വിവരങ്ങളാണ്.അതിൽ കൊലക്കുറ്റവും സ്ത്രീ പീഡനവുമൊക്കെയുണ്ട്! അതൊന്നും തീവ്രവാദമല്ല 'രാജ്യസ്നേഹ' പ്രകടന കേസുകളാണെന്നു താങ്കൾക്ക് സമാധാനിക്കാം....
ഇനിയും വിഷയ ദാരിദ്ര്യമുണ്ടാകുമ്പോൾ വീണ്ടും 'മദനി'എന്നും 'തീവ്രവാദ' മെന്നുമൊക്കെ പറഞ്ഞോളൂ! കോടതികൾ എന്തു വിധിച്ചു വെന്നതോ രേഖകളും തെളിവുകളുമുണ്ടോ എന്നുള്ളതോ ഒന്നുമല്ലല്ലോ വിലയിരുത്തേണ്ടത് താടിയും തൊപ്പിയും നിസ്കാര തഴമ്പുമൊക്കെയല്ലേ???

Follow Us:
Download App:
  • android
  • ios