തിരുവനന്തപുരം: രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അത്യപൂര്‍വ്വമായ നാൾവഴി ചരിത്രമുള്ള അഭയക്കേസിൽ ഒടുവിൽ നീതിപീഠം വിധികൽപ്പിച്ചപ്പോൾ അത് കാണാൻ അഭയയുടെ അച്ഛനും അമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. പയസ്ടെൻസ് കോൺവെന്‍റെ കിണറ്റിൽ അഭയയുടെ മൃതദേഹം കണ്ടെത്തിയ അന്ന് മുതൽ തുടങ്ങിയതാണ് നീതി തേടി  ഈ മാതാപിതാക്കളുടെ കാത്തിരിപ്പ്.

മകൾക്ക് എന്ത് പറ്റിയെന്ന ചോദ്യം അവകാശമായി കൊണ്ട് നടന്ന ആ മാതാപിതാക്കൾ അതറിയാതെയാണ് ഈ ലോകത്ത് നിന്ന് മടങ്ങിയതും. 2016 ജൂലൈ 24നാണ് തോമസ് മരിക്കുന്നത്. ആ വര്‍ഷം തന്നെ നവംബർ 21ന് ലീലാമ്മയും മരിച്ചു.

ബിനയെന്നായിരുന്നു മകളുടെ പേര്. കന്യാസ്ത്രീ മഠത്തിലേക്ക് അയക്കുമ്പോൾ ഇത്രവലിയ ദുരന്തം തോമസും ലീലാമ്മയും പ്രതീക്ഷിച്ച് കാണില്ല. മകൾ മരിച്ചെന്ന വിവരം മാതാപിതാക്കളെ തേടി എത്തുന്നത് 1992 മാര്‍ച്ച് 27ന്. ക്നാനായ കത്തോലിക്കാ സഭയ്‌ക്കു കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയും കോട്ടയം ബിസിഎം കോളജിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയുമായിരുന്നു അന്ന് അഭയ.

തുടര്‍ന്ന് വായിക്കാം: പ്രാര്‍ത്ഥന ദൈവം കേട്ടു; ജഡ്ജിയുടെ നല്ല മനസിന് നന്ദിയെന്ന് അഭയയുടെ സഹോദരൻ... 

ബിജു തോമസിന്‍റെ പ്രതികരണം കേൾക്കാം: 
 

ലോക്കൽ പൊലീസ് മുതൽ മാറിമാറി വന്ന ഉദ്യോഗസ്ഥരെല്ലാം മാറിമാറി പറഞ്ഞിട്ടും തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടും  അതൊരിക്കലും ഒരു ആത്മഹത്യയല്ലെന്ന് ഇരുവരും ഉറച്ച് വിശ്വസിച്ചു. അവിടിന്നിങ്ങോട്ട് പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടമാണ് ഐക്കരകുന്നിൽ തോമസും ഭാര്യ ലീലാമ്മയും നടത്തിയത്.  ഒടുവിൽ അഭയയുടെ മരണം കൊലപാതമെന്ന് കോടതി വിധി. ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും പ്രതികൾ . സിബിഐ കോടതി ശിക്ഷ വിധിക്കുമ്പോൾ അത് കാണാൻ പക്ഷെ ഇരുവരും ഇല്ലെന്ന് മാത്രം. 

തുടര്‍ന്ന് വായിക്കാം: കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് സെഫി; ഭാവ വ്യത്യാസം ഇല്ലാതെ കോട്ടൂര്‍...