കോട്ടയം: സിസ്റ്റർ അഭയ കേസ് ശിക്ഷാ വിധിയിൽ പ്രതികരിച്ച് ക്നാനായ കത്തോലിക്കാ സഭ. ആരോപണങ്ങൾ അവിശ്വസനീയമാണെന്നും പ്രതികൾക്ക് തങ്ങളുടെ നിരപരാധിത്യം തെളിയിക്കാനും അപ്പീൽ നൽകാനുമുള്ള അവസരമുണ്ടെന്നും ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലൂടെ പ്രതികരിച്ചു. 

കേസിൽ സിബിഐ കോടതി വിധിയെ മാനിക്കുന്നു. സിസ്റ്റർ അഭയയുടെ മരണം നിർഭാഗ്യകരമാണെങ്കിലും പ്രതികൾക്ക് തങ്ങളുടെ നിരപരാധിത്യം തെളിയിക്കാനും അപ്പീൽ നൽകാനുള്ള അവസരമുണ്ട്. എങ്കിലും ഇത്തരം സാഹചര്യം ഉണ്ടായതിൽ സഭയ്ക്ക് ദു:ഖമുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. 

അഭയ വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് സിബിഐ കോടതി.

സിസ്റ്റർ അഭയക്കേസിൽ ഫാദ‍ർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തം തടവ് ശിക്ഷയുമാണ്  സിബിഐ പ്രത്യേക കോടതി വിധിച്ചത്. കൊലപാതകത്തിനും അതിക്രമിച്ച് കടന്നതിനുമാണ് ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം ശിക്ഷ. ശിക്ഷയിൽ ഇളവ് വേണമെന്ന പ്രതികളുടെ ആവശ്യം  തള്ളിക്കൊണ്ടാണ് സിബിഐ പ്രത്യേക കോടതിയുടെ സുപ്രധാന ഉത്തരവ്.