കാറ് നിർത്തി ചില്ലിലെ അഴുക്ക് വൃത്തിയാക്കിയ ശേഷം സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് അപകടം

തൃശൂർ: തൃശൂര്‍ വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവിൽ നിയന്ത്രണം വിട്ട കാർ പുറകോട്ട് ഓടി തോട്ടിലേക്ക് വീണു. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷമാണ് കാർ വെള്ളം നിറഞ്ഞു കിടന്ന തോട്ടിലേക്ക് വീണത്. അപകടത്തെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ എട്ടരക്കാണ് സംഭവം.എറവ് ആറാംകല്ലിൽ പെരുമ്പുഴ പാടശേഖരത്തിന് സമീപമാണ് അപകടം നടന്നത്. തൃശൂരിലുള്ള യൂണിയൻ ബാങ്കിലെ ഉദ്യോഗസ്ഥൻ എസ്.എൻ.പുരം സ്വദേശി അജിത്ത്കുമാറാണ് കാർ ഓടിച്ചിരുന്നത്. കാറ് നിർത്തി ചില്ലിലെ അഴുക്ക് വൃത്തിയാക്കിയ ശേഷം സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് അപകടം.

ഓട്ടോമാറ്റിക് ഡ്രൈവിംഗ് സംവിധാനമുള്ള കാറിൽ അബദ്ധത്തിൽ റിവേഴ്സ് മോഡ് ഇട്ട് ആക്സിലേറ്ററിൽ കാൽ കൊടുക്കുകയായിരുന്നു. മുന്നോട്ടു പോകേണ്ടതിനുപകരം കാർ വേഗത്തിൽ പിന്നോട്ട് നീങ്ങി ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം വെള്ളക്കെട്ടിൽ വീഴുകയായിരുന്നു.

YouTube video player