അവിനാശി: കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശിയിലെ ആശുപത്രിയിലും കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. 

പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം രജിസ്ട്രേഷനുള്ള ലോറിയാണ് ബസില്‍ ഇടിച്ചത്. KL 15 A 282 നമ്പർ ബാംഗ്ലൂർ– എറണാകുളം  ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിൽ 48 സീറ്റിലും യാത്രക്കാർ ബുക്ക്‌ ചെയ്തിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

തുടർനടപടികൾക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെഎസ്ആർടിസി ഇൻസ്പെക്ടർമാരും സംഭവസ്ഥലത്തെത്തി. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്. മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പാലക്കാട് സ്വദേശി രാജേഷ്  (35), തുറവൂർ ജിസ്മോൻ ഷാജു (24), തൃശൂർ സ്വദേശി നസീഫ് മുഹമ്മദ് (24),  ശിവകുമാർ (35) അറക്കുന്നം സ്വദേശി ബൈജു (47), ഐശ്വര്യ (28), തൃശ്ശൂർ സ്വദേശി ഇഗ്നി റാഫേൽ (39), കിരൺ കുമാർ (33), തൃശ്ശൂർ സ്വദേശി ഹനീഷ് (25), എറണാകുളം ഗിരീഷ് (29), റോസ്ലി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അവിനാശി, തിരുപ്പൂര്‍ ആശുപത്രികളില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടക്കും.

ഹെല്‍പ്പ്‍ലൈന്‍ നമ്പര്‍: 9495099910

കോയമ്പത്തൂർ–സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി, റോഡിന് ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് വന്നിടിച്ചുകയറുകയായിരുന്നു. ടൈലുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഫെബ്രുവരി 17 നാണ് അപകടത്തിൽപ്പെട്ട ബസ് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയത്. ബസ് 18 വൈകിട്ട് മടങ്ങേണ്ടതായിരുന്നു. എന്നാല്‍, യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. ഇന്നലെ രാത്രി ആണ് തിരിച്ചത്. 

 

25 പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെന്ന് ഗതാഗതമന്ത്രി

അപകടകാരണം അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. 25 പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ് എന്നാണ് ലഭിക്കുന്ന വിവരം എന്ന് മന്ത്രി അറിയിച്ചു. ഡിവൈഡർ മറികടന്ന് ലോറി എത്തിയെന്നാണ് പ്രാഥമിക നിഗമനം.