പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് സൈക്ലിംഗ് മത്സരത്തിനിടെ മത്സരാർത്ഥിയുടെ സൈക്കിൾ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. സംഘാടനത്തിലെ വൻ പിഴവുകൾ കാരണം മത്സരം നിർത്തിവെച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പാലക്കാട്: സംസ്ഥാന സ്കൂൾ ഗെയിംസ് സൈക്ലിംഗ് മത്സരത്തിനിടെ അപകടം. പാലക്കാട് നടന്ന മത്സരത്തിനിടയിലാണ് അപകടമുണ്ടായത്. പാലക്കാട് - മലമ്പുഴ 100 ഫീറ്റ് റോഡിൽ വെച്ച് മത്സരാർത്ഥിയുടെ സൈക്കിളും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മത്സരാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. അപകടത്തെ തുടർന്ന് മത്സരം നിർത്തിവച്ചു. സംസ്ഥാന സ്കൂൾ ഗെയിംസ് സംഘാടനത്തിൽ വൻ പിഴവാണ് ഉണ്ടായിട്ടുള്ളത്.
രാവിലെ 6 മുതൽ 9.30 വരെ നിശ്ചയിച്ച മത്സരം ആരംഭിച്ചത് ഏറെ വൈകിയാണ്. ആറിന് തുടങ്ങേണ്ട മത്സരം 8.30ന് മാത്രമാണ് ആരംഭിച്ചത്. പൊലീസിന് മത്സരത്തെ സംബന്ധിച്ച് വിശദമായ വിവരങ്ങളും നൽകിയില്ല. തിരക്കുള്ള റോഡിൽ മത്സരം നടക്കുമ്പോൾ വാഹനം തടയണമെന്ന നിർദേശം ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് മത്സരം നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. യാതൊരു മുൻകരുതൽ നടപടിയും എടുത്തിട്ടില്ലെന്നാണ് ഈ വിഷയത്തിൽ പൊലീസിന്‍റെ പ്രതികരണം. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ നിന്നായി 60 വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയത്.


