സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ രണ്ട് മരണം. വയനാട് കോളിയാടിയില്‍ പിക്കപ്പ് ജീപ്പ് ഇടിച്ച് അധ്യാപികയായ ജിലി വില്‍സണ്‍ മരിച്ചു.കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം കെഎസ്ആര്‍ടിസി ബസിന് പിന്നിൽ മറ്റൊരു ബസിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരന്‍ മരിച്ചു. തിരുവന്തപുരത്ത് രാവിലെ നടക്കാനിറങ്ങിയവരെ ഇടിച്ചശേഷം ബൈക്ക് യാത്രക്കാരൻ നിര്‍ത്താതെ പോയി

കല്‍പ്പറ്റ/കോഴിക്കോട്: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ രണ്ട് മരണം. വയനാട്ടില്‍ ഇന്ന് രണ്ട് ഇടങ്ങളില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ ഒരാള്‍ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കോളിയാടിയില്‍ പിക്കപ്പ് ജീപ്പ് ഇടിച്ച് അധ്യാപികയായ ജിലി വില്‍സണ്‍ മരിച്ചു. പള്ളിയിൽ പോകാനായി കാറിന് സമീപം നില്‍ക്കുന്നതിനിടെയാണ് ജീപ്പ് ഇടിച്ചത്. കാട്ടിക്കുളത്ത് ദന്പതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ കർണാടക ബസ് ഇടിച്ച് ആണ് അപകടമുണ്ടായത്. കാട്ടികുളം സ്വദേശികളായ മാമച്ചൻ, ജാൻസി എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. അപകടത്തില്‍ കാർ പൂര്‍ണമായും തകർന്നു.

കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം കെഎസ്ആര്‍ടിസി ബസിന് പിന്നിൽ മറ്റൊരു ബസിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരന്‍ മരിച്ചു.കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിന്റെ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം. അപകടത്തിൽ 14 വയസുകാരനും പരുക്കേറ്റു. പരിക്ക് സാരമുള്ളതല്ല. ഇന്ന് രാവിലെയായിരുന്നു അപകടം.

കുന്നമംഗലം പെരിങ്ങളം മിൽമക്ക് സമീപം മിനി ടെമ്പോ വാൻ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്‍റെ മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് വാഹനത്തിന്‍റെ ഡ്രൈവർ ക്യാമ്പിനുള്ളിൽ കുടുങ്ങിപ്പോയി. വെള്ളിമാടുകുന്ന് ഫയർ യൂണിറ്റ് സ്ഥലത്തെത്തിയാണ് ഡ്രൈവറെ പുറത്ത് എത്തിച്ചത്. പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

പ്രഭാത സവാരിക്കിറങ്ങിയവരെ ഇടിച്ചശേഷം ബൈക്ക് യാത്രക്കാരൻ കടന്നു കള‍ഞ്ഞു

തിരുവനന്തപുരത്ത് പ്രഭാതസവാരിക്കിറങ്ങിയ വയോധികരെ ഇടിച്ചു തെറിപ്പിച്ച ശേഷം ബൈക്ക് യാത്രക്കാരൻ കടന്നു കളഞ്ഞു. തിരുവനന്തപുരം വെള്ളനാട് കൂട്ടായണിമൂട്ടിൽ ഇന്ന് രാവിലെ അഞ്ചു മണിക്കാണ് സംഭവം. ബന്ധുക്കളായ ഗീത,സുധ എന്നിവരെയാണ് ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ഗുരുതര പരിക്കേറ്റ ഗീതയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ഇടിച്ച ശേഷം ബൈക്ക് യാത്രികനും റോഡിൽ വീണു. തൊട്ടു പിന്നാലെ ഇതു വഴി വന്ന കാൽനടയാത്രക്കാരോട് സംസാരിച്ച ഇയാള്‍ ബൈക്കുമായി പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ആര്യനാട് പൊലീസ് അന്വേഷണം തുടങ്ങി.സ്ഥിരമായി അപകടം നടക്കുന്ന ഈ മേഖലയിൽ വേഗനിയന്ത്രണ സംവിധാനം വേണമെന്ന് നാട്ടുകാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

YouTube video player