പാലക്കാട്: വാളയാറിന് സമീപം 8 വയസുള്ള പെൺക്കുട്ടിയെ അയൽവാസി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. പോലീസ് പിടിയിലാകുമെന്ന് കണ്ടതോടെ  55 വയസ്സുകാരനായ പ്രതി ആത്മഹത്യകുറിപ്പെഴുതിവെച്ച് ഒളിവിൽപോവുകായായിരുന്നു. തെളിവെടുപ്പിന്  കൊണ്ടുവന്ന പ്രതിയെ നാട്ടുകാർ കയ്യേറ്റം ചെയ്തു.

പാലക്കാട് വാളയാറിൽ ദളിത് സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടയച്ച സംഭവം കേരള മനസാക്ഷിയെ ഞ്ഞെട്ടിച്ചിരുന്നു. ഇതിന്  പിന്നാലെയാണ്  വാളയാറിൽ നിന്ന് വീണ്ടും പീഡന വാർത്തകൾ പുറത്ത് വരുന്നത്. രണ്ടാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ പെൺക്കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പോക്സോ കേസ് നിയമപ്രകാരം വാളയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

പിടിയിലാകുമെന്ന് കണ്ടതോടെ 55 വയസ്സുകാരനായ പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പോലീസ് ജില്ലയിൽ വ്യാപക തിരച്ചിൽ നടത്തുകയും വാളയാറിന് സമീപത്ത് വച്ച് പ്രതിയെ ഇന്ന് പുലർച്ചെ പിടികൂടുകയും ചെയ്തു. അതേ സമയം തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതിയെ നാട്ടുകാർ കയ്യേറ്റം ചെയ്തത് സംഘർഷത്തിനിടയാക്കി. സംഘര്‍ഷത്തില്‍ പോലീസ് ജീപ്പിന്‍റെ ചില്ല് തക‍‍‍ർന്നു. സംഭവത്തിൽ പരിക്കേറ്റ നാട്ടുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.