നിയമപരമായി മുന്നോട്ടു നീങ്ങുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെട്ടേനെയെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞിരുന്നു. ഇതിനു ശേഷം സനൂപ് ഡിപ്രെഷനിലായെന്നും രംബീസ പറഞ്ഞു.
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരായ ആക്രമണത്തിൽ പ്രതികരണവുമായി പ്രതി സനൂപിൻ്റെ ഭാര്യ രംബീസ. സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് രംബീസ പറഞ്ഞു. നിയമപരമായി മുന്നോട്ടു നീങ്ങുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെട്ടേനെയെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞിരുന്നു. ഇതിനു ശേഷം സനൂപ് ഡിപ്രെഷനിലായെന്നും രംബീസ പറഞ്ഞു. ഇന്നലെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി സനൂപ് ഡോക്ടറെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചത്.
സനൂപ് രാത്രിയിൽ ഉറക്കമില്ലാതെ വീടിനു ചുറ്റും നടക്കുമെന്നും നട്ടപ്പാതിരയ്ക്ക് പോലും മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരിക്കുമെന്നും രംബീസ പറഞ്ഞു. മകളുടെ മരണത്തിൽ നീതി വേണം. മകൾ മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചല്ലെന്ന് ഡോക്ടർമാർ അന്ന് പറഞ്ഞിരുന്നു. പിന്നീട് മൊഴി മാറ്റുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ഇനി ഒറ്റക്ക് നിയമ പോരാട്ടം നടത്തുമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് മുക്കുമോ എന്ന് സംശയിക്കുന്നതായും രംബീസ പറഞ്ഞു.
അനയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പൊലീസ്
താമരശ്ശേരിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ സനൂപിൻറെ മകൾ അനയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പൊലീസ്. രാസ പരിശോധനാ ഫലം വൈകുന്നതാണ് കാരണമെന്ന് താമരശ്ശേരി ഡിവൈഎസ്പി പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാക്കി ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. അനയയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല എന്ന തരത്തിൽ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്നു താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു. കുട്ടി മരിക്കാൻ കാരണം അമീബിക് മസ്തിഷ്ക ജ്വരം ആണെന്ന് കണ്ടെത്തിയില്ലെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞതെന്ന് സനൂപിന്റെ ഭാര്യ രംബീസ ഇന്നലെ പറഞ്ഞിരുന്നു.
അനയയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനെ സനൂപ് വെട്ടിയത്. മകളെ കൊന്നില്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. രണ്ട് മക്കളുമായാണ് സനൂപ് ആശുപത്രിയിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യം വെച്ചാണ് വന്നത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻറെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഇയാൾ ഡോക്ടർ വിപിനെ വെട്ടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഡോക്ടർ വിപിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിപിൻറെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കുറ്റബോധമില്ലാതെ പ്രതി
താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടറെ വെട്ടിയ സംഭവത്തിൽ യാതൊരു തരത്തിലുമുള്ള കുറ്റബോധമില്ലാതെയാണ് പ്രതി സനൂപിനെ കണ്ടത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു സനൂപിൻറെ പ്രതികരണം. ആക്രമണം ആരോഗ്യമന്ത്രി വീണാ ജോർജിനും ആരോഗ്യ വകുപ്പിനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു സനൂപിൻറെ പ്രതികരണം. സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.



