കഴിഞ്ഞ ദിവസം തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോളാണ് സനു പൊലീസ് വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്
തൃശൂർ: തൃശൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ജീപ്പിൽ നിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരണപ്പെട്ടു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോളാണ് സനു പൊലീസ് വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. തലയിടിച്ച് വീണ സനുവിനെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സനു മരിച്ചത്.
കൊച്ചിയിൽ 'ഓപ്പറേഷൻ ഡാർക്ക് ഹണ്ട്'; 'ഡ്രാക്കുള' സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു
മാർച്ച് എട്ടിന് രാത്രിയായിരുന്നു പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശൂർ നഗരത്തിൽ ആളുകളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനാണ് സനുവിനെ പൊലീസ് പിടികൂടിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു കത്തികാട്ടി ഭീഷണിപ്പെടുത്തൽ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മദ്യലഹരിയിലായിരുന്നതിനാലാകും ജീപ്പിൽ നിന്ന് ചടി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും പൊലീസ് വിശദീകരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത സനുവിനെ വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പോകവെ തൃശൂർ അശ്വനി ജംഗ്ഷനിൽ വച്ചാണ് ജീപ്പിന്റെ ഡോർ വലിച്ച് തുറന്ന് പ്രതി പുറത്തേക്ക് ചാടിയത്. തലയിടിച്ചാണ് വീണതിനാൽ എക്സറെ എടുത്തപ്പോൾ തലയ്ക്ക് പൊട്ടലേറ്റിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് ഇയാളെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്.

ജിമ്മിൽ സ്റ്റീം ബാത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം; ട്രെയിനർ അറസ്റ്റിൽ
അതേസമയം തൃശൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ജിമ്മിൽ വ്യായാമത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ട്രെയിനർ അറസ്റ്റിലായി എന്നതാണ്. വടൂക്കര ഫോർമൽ ഫിറ്റ്നെസ്സ് സെന്റർ ഉടമയും ട്രെയിനറുമായ പാലക്കൽ സ്വദേശി അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22-ാം തീയ്യതിയായിരുന്നു സംഭവം. ജിമ്മിൽ വ്യായാമം കഴിഞ്ഞ യുവതി സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെയാണ് ലൈംഗികാതിക്രമം നടന്നത്. യുവതി ബഹളം വെച്ചതോടെ പ്രതി പിന്മാറി. തുടര്‍ന്ന് യുവതി ജിമ്മില്‍ നിന്നും പുറത്തിറങ്ങി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റൊരു ബലാത്സംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
