എലപ്പുള്ളിയും വാളയാറും പാർട്ടി അച്ചടക്കം ലംഘിക്കപ്പെട്ടു. വാളയാറിലുണ്ടായ വിഷയം അന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും സെക്രട്ടറിയറ്റ്‌ തീരുമാനം.

പാലക്കാട്‌: വാളയാർ, എലപ്പുള്ളി ലോക്കൽ സമ്മേളനങ്ങളിലെ സംഘർഷത്തിൽ നടപടിയെടുക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം (cpm) പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ലോക്കല്‍ കമ്മിറ്റി വിഭജിക്കുന്നതിനെച്ചൊല്ലി ഇന്നലെ നടന്ന സമ്മേളനത്തില്‍ പ്രതിനിധികള്‍ ഏറ്റുമുട്ടിയിരുന്നു. സമ്മേളന ഹാളിലെ കസേര വലിച്ചെറിയുകയും വേദിയില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തതോടെ സമ്മേളനം നിര്‍ത്തിവച്ചിരുന്നു.

പാര്‍ട്ടി അച്ചടക്കത്തിന്‍റെ ലംഘനമാണ് വാളയാറിലുണ്ടായത് എന്നാണ് സെക്രട്ടേറിയേറ്റിന്‍റെ വിലയിരുത്തല്‍. ജില്ലയിലെ തന്നെ മുതിര്‍ന്ന അംഗം ഇക്കാര്യങ്ങള്‍ അന്വേഷിച്ചു നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും നടപടി. ജില്ലയിൽ 3063 ബ്രാഞ്ച്‌ സമ്മേളനങ്ങൾ പൂർത്തിയായി. ലോക്കൽ സമ്മേളനങ്ങൾ പകുതിയോളം നടന്നുകഴിഞ്ഞു. വാളയാറിലും എലപ്പുള്ളിയിലുമുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

Also Read: കമ്മിറ്റി വിഭജനത്തിനെതിരെ പ്രതിഷേധം, സിപിഎം വാളയാർ ലോക്കൽ സമ്മേളനത്തിൽ സംഘർഷം

വാളയാർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ 34 ബ്രാഞ്ച് കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. അത് വാളയാർ, ചുള്ളി മട എന്നിങ്ങനെ വിഭജിക്കാനായിരുന്നു തീരുമാനം. ചുള്ളി മടയ്ക്ക് കീഴിൽ 20 ബ്രാഞ്ച് കമ്മിറ്റികളും വാളയാറിന് കീഴിൽ 14 ബ്രാഞ്ച് കമ്മിറ്റികളുമായാണ് നിശ്ചയിച്ചത്. ഇതാണ് തർക്കത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.