തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലും ചില മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകള്‍ക്ക് മരുന്നുകള്‍ നല്‍കുന്നുണ്ടെന്ന് വ്യാപക പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്ന് കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുള്ളതിനാല്‍ ഇത്തരം വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

ഓണ്‍ലൈനായി മരുന്ന് വില്‍പ്പന നടത്തുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രത്തിന്‍റെ ഇടപെടല്‍ ഇതിന് ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാരിന് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓണ്‍ലൈനിൽ നിയമവിരുദ്ധമായി മരുന്ന് വില്‍പ്പന നടത്തുന്നതിന്‍റെ ഞെട്ടിക്കുന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

Also Read: 'ഓൺലൈനാ'യി ലഹരി: കുറിപ്പടിയില്ലാതെ കിട്ടുന്ന മരുന്നുകൾ ലഹരിയാകുന്നെന്ന് എക്സൈസ്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക