പരുത്തിപ്പള്ളി മുൻ റെയ്‌ഞ്ച് ഓഫീസർ ദിവ്യ എസ്.എസ് റോസ്, നിലവിലെ റേഞ്ച് ഓഫീസർ ആർ വിനോദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

തിരുവനന്തപുരം: തിരുവനന്തപുരം പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച്‌ ഓഫീസിൽ നിന്നും തൊണ്ടിമുതൽ കാണാതായ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പരുത്തിപ്പള്ളി മുൻ റെയ്‌ഞ്ച് ഓഫീസർ ദിവ്യ എസ്.എസ് റോസ്, നിലവിലെ റേഞ്ച് ഓഫീസർ ആർ വിനോദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

തിരുവനന്തപുരം നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ നിലവിലുള്ള കേസില്‍ കോടതി ആവശ്യപ്പെട്ട പ്രകാരം തൊണ്ടി മുതല്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്ന സംഭവത്തില്‍ വനം മേധാവിയുടെ റിപ്പോര്‍ട്ട് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പ്രകാരം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. റിപ്പോര്‍ട്ട് പ്രകാരം കേസിലെ തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിലെ മുന്‍ റേയ്ഞ്ച് ഓഫീസര്‍ ദിവ്യ എസ് എസ് റോസ്, ഇപ്പോഴത്തെ റേഞ്ച് ഓഫീസര്‍ ആര്‍ വിനോദ് എന്നിവരെ അച്ചടക്ക നടപടിയ്ക്ക് വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനാണ് വനം ഉപ മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രസ്തുത ഉദ്യോഗസ്ഥര്‍ കേരള ഫോറസ്റ്റ് കോഡ് അനുശാസിക്കും പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിക്കുന്നതിലും ചുമതല ഒഴിയുമ്പോഴും ഓരോ വര്‍ഷവും നടത്തേണ്ടതുമായ പരിശോധനകളിലും വീഴ്ച വരുത്തിയിട്ടുണ്ട്. പരുത്തിപ്പള്ളി റേയ്ഞ്ചിലെ പ്രസ്തുത കേസിലെ തൊണ്ടിമുതല്‍ നഷ്ടമായത് സംബന്ധിച്ച് കാട്ടാക്കട പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ പരിശോധിച്ച് അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തത്തക്ക വിധം പരിശോധനകള്‍ നടത്തുന്നതിനും കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനും എല്ലാ ഡി.എഫ്.ഒമാര്‍ക്കും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്കും സര്‍ക്കിള്‍ ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൊണ്ടിമുതലുകള്‍ ഹാജരാക്കാന്‍ വിചാരണ ആരംഭിച്ച ശേഷം കോടതി ആവശ്യപ്പെട്ടെങ്കിലും ആയത് കാണ്‍മാനില്ല എന്നാണ് കോടതിയെ അറിയിച്ചത്.

ഇത്തരം വീഴ്ചകള്‍ നിസ്സാരമായി കാണാന്‍ പറ്റില്ല എന്നും കോടതിയില്‍ നല്‍കേണ്ട തെളിവ് നശിപ്പിക്കുന്നതിന് സമാനമാണ് ഇത് എന്നും പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ ഇത് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. അനധികൃതമായി ചന്ദന തടികള്‍ കൈവശം വെച്ച് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ പണിത് വില്‍ക്കാന്‍ ശ്രമിച്ച കുറ്റത്തിന് 2016-ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്‍പത് ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ വിഗ്രഹവും ഉള്‍പ്പെടെയുള്ള വിവിധ തൊണ്ടിമുതലുകളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.