ചെങ്ങന്നൂരിൽ എം സി റോഡിൽ രണ്ടായിരത്തിലധികം ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന് പരാതി
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ വീഴ്ച ആരോപിച്ച് കോൺഗ്രസ് കൗൺസിലർ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. കോൺഗ്രസ് കൗൺസിലർ വരുൺ മട്ടക്കലാണ് ലോക്കൽ പോലീസിനെതിരെ പരാതി നൽകിയത്. രണ്ടായിരത്തിലെറെ ഗർഭനിരോധന ഉറകൾ തള്ളിയ സ്ഥലത്ത് സിസിടിവി ക്യാമറകൾ അടക്കം ഉണ്ടായിട്ടും പോലീസ് അന്വേഷിക്കുകയോ കേസെടുക്കുകയോ ചെയ്തില്ലെന്നാണ് വരുണിന്റെ പരാതി. കഴിഞ്ഞ മാസം മുപ്പതിന് രാത്രിയാണ് ഗർഭനിരോധന ഉറകൾ എം സി റോഡിൽ കൂട്ടത്തോടെ തള്ളിയത്. സംഭവം അന്വേഷിക്കുമെന്ന് പോലീസ് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം ഉണ്ടായിരുന്നില്ല.
വെള്ളാവൂർ ജങ്ഷന് സമീപം റോഡിൽ രണ്ടായിരത്തോളം ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഉറകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാത്രി 10 മണിയോടെ ഓടുന്ന വാഹനത്തിൽ നിന്ന് ഈ മാലിന്യങ്ങൾ റോഡിലേക്ക് തള്ളിയതാണെന്നാണ് പ്രാദേശിക നിവാസികൾ സംശയിക്കുന്നത്. ശക്തമായ കാറ്റും മഴയുമുള്ള സമയത്താണ് ഇത് സംഭവിച്ചത്. ചെങ്ങന്നൂർ നഗരസഭാ അധികൃതർ പിന്നീട് റോഡിൽ നിന്ന് നീക്കം ചെയ്ത് പ്രദേശം ശുചീകരിച്ചു.


