ആശുപത്രി നിര്‍മ്മാണത്തിലെ മേല്‍നോട്ടത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് നടപടി. 

കൊല്ലം: തലവൂരിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിംഗ് തകര്‍ന്ന സംഭവത്തില്‍ നടപടി. സംസ്ഥാന സർക്കാർ സ്ഥാപനമായ നിര്‍മിതിയുടെ കൊട്ടാരക്കര റീജണല്‍ എഞ്ചിനീയര്‍ ജോസ് ജെ തോമസിനെ സസ്പെന്‍റ് ചെയ്തു. ആശുപത്രി നിര്‍മ്മാണത്തിലെ മേല്‍നോട്ടത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് നടപടി. ആശുപത്രിയുടെ സീലിങ് തകര്‍ന്ന് വീണ സംഭവം നിര്‍മ്മാണത്തിലെ പിഴവ് മൂലമാണെന്ന് നിര്‍മ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വര്‍ഗീസ്, ചീഫ് ടെക്നിക്കൽ ഓഫീസ‍ർ ആ‍ർ ജയൻ എന്നിവരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് ആശുപത്രിയിലെ സീലിങ് ഉഗ്ര ശബ്ദത്തോടെ തകർന്ന് വീണത്. കെ ബി ഗണേഷ്‌കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിതത്. സംസ്ഥാന സർക്കാർ സ്ഥാപനമായ നിർമ്മിതിക്കായിരുന്നു നിർമ്മാണ ചുമതല. ആശുപത്രി വൃത്തിയായി സൂക്ഷിക്കാത്തതിന് ജീവനക്കാരെ എംഎൽഎ ശകാരിക്കുന്ന വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ സീലിങ് തകർന്നത് രാഷ്ട്രീയ ആയുധമാക്കുകയാണ് കോണ്ഗ്രസും ബിജെപിയും. ഇരുപാർട്ടികളും ഇന്നലെ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു.