2020 ജനുവരിയിലാണ് വേമ്പനാട്ടു കായലിലെ നെടിയതുരുത്ത് ദ്വീപിൽ സ്ഥിതിചെയ്യുന്ന കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 

ആലപ്പുഴ: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ആലപ്പുഴ പാണാവള്ളിയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള നടപടികള്‍ തുടങ്ങി. കൊവിഡ് മൂലം നീണ്ടുപോയ പൊളിക്കല്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. മരടിലെ പോലെ പൊളിക്കൽ നടപടി സങ്കീർണമല്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

2020 ജനുവരിയിലാണ് വേമ്പനാട്ടു കായലിലെ നെടിയതുരുത്ത് ദ്വീപിൽ സ്ഥിതിചെയ്യുന്ന കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ പൊളിച്ചുനീക്കാൻ ഫണ്ടില്ലെന്ന് പാണാവള്ളി പഞ്ചായത്ത് സര്‍ക്കാരിനെ അറിയിച്ചതോടെയാണ് കര്‍മപദ്ധതി ജില്ലാ ഭരണകൂടം ഏറ്റെടുത്തത്. എന്നാൽ കൊവിഡ് മൂലം നടപടികൾ വൈകി. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ കലക്ടര്‍ റിസോര്‍ട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

പൊളിക്കല്‍ നടപടിയെക്കുറിച്ച് പഠിച്ച് പദ്ധതി തയ്യാറാക്കാന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജില്ലാഭരണകൂടത്തിന്‍റെ മേല്‍നോട്ടത്തില്‍ കാപ്പിക്കോ ഗ്രൂപ്പിന് തന്നെ റിസോര്‍ട്ട് പൊളിച്ചുനീക്കാം. അവര്‍ തയ്യാറല്ലെങ്കില്‍ ടെന്‍ഡര്‍ വിളിച്ച് പൊളിക്കല്‍ നടപടി വേഗത്തിലാക്കാനാണ് ജില്ലാഭരണകൂടത്തിന്‍റെ തീരുമാനം.