തട്ടിപ്പിനിരയായവർ തെളിവുകൾ പൊലീസിന് കൈമാറണമെന്ന് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഭ്യര്‍ത്ഥിച്ചു
തിരുവനന്തപുരം: സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി സ്ഥാപന ഉടമയും നടൻ കൃഷ്ണകുമാറിന്‍റെ മകളുമായ ദിയ കൃഷ്ണ. തട്ടിപ്പിനിരയായവർ തെളിവുകൾ പൊലീസിന് കൈമാറണമെന്ന് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഭ്യര്‍ത്ഥിച്ചു. തട്ടിപ്പിനിരയായവര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസിൽ കേസ് നൽകണമെന്നും ലൈവിൽ പറഞ്ഞു.
തന്‍റെ സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ അവരുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം കൈപറ്റിയതിനുള്ള തെളിവടക്കം കൈവശമുണ്ട്. പൊലീസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് പിന്നാലെ ആരോപണവിധേയരായ മൂന്നുപേരും ദിയ കൃഷ്ണക്കും കൃഷ്ണകുമാറിനുമെതിരെ തട്ടിക്കൊണ്ടുപോകലിന് പരാതി നൽകിയിട്ടുണ്ട്.
തന്‍റെ കമ്പനിക്ക് നൽകേണ്ട പണമാണ് ഉപഭോക്താക്കളെ കബളിപ്പിച്ചുകൊണ്ട് അവര്‍ അവരുടെ അക്കൗണ്ടുകളിലേക്ക് തിരിമറി ചെയ്തിരിക്കുന്നതെന്നും ഇതിൽ നീതി എത്രയും വേഗം ലഭിക്കാൻ തട്ടിപ്പിനിരയായവര്‍ കൂടെ നിൽക്കണമെന്നും ദിയ കൃഷ്ണ പറഞ്ഞു. തനിക്ക് തരേണ്ട പണമാണ് അവര്‍ തട്ടിയെടുത്തത്.
shomsmtvm.pol@kerala.gov.in എന്ന മ്യൂസിയം പൊലീസ് സ്റ്റേഷനിലെ മെയിൽ ഐഡി അടക്കം പങ്കുവെച്ചുകൊണ്ടാണ് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാമിൽ ലൈവ് വീഡിയോ ഇട്ടിരിക്കുന്നത്. മൂന്നുപേര്‍ക്കുമെതിരായ തെളിവുകള്‍ പൊലീസിന് കൈമാറണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും കുറ്റവാളികളെ നിയമത്തിന് മുമ്പാകെ കൊണ്ടുവരണമെന്നും സത്യം വിജയിക്കുമെന്ന് തികഞ്ഞ പ്രതീക്ഷയുണ്ടെന്നും ദിയ കൃഷ്ണ പറഞ്ഞു.


