തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി 51-ലധികം സീറ്റുകൾ നേടുമെന്ന് നടൻ കൃഷ്ണകുമാർ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി 51-ലധികം സീറ്റുകൾ നേടുമെന്ന് നടൻ കൃഷ്ണകുമാർ. നേരിട്ട് ഇറങ്ങാൻ സമയമായെന്ന് തോന്നിയതുകൊണ്ടു താനും രംഗത്തു ഇറങ്ങിയെന്നും ട്രോളുകളും പരിഹാസവും കാര്യമാക്കുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണം സമാപിച്ചു. അവസാന നിമിഷം പലയിടത്തും കൊവിഡ് നിയന്ത്രണങ്ങൾ പോലും മറികടന്നായിരുന്നു പ്രചാരണം. രഹസ്യ കൂട്ടുകെട്ട് പരസ്പരം ആരോപിച്ച് എൽഡിഎഫും യുഡിഎഫും ബിജെപിയും വാക്ക് പോര് കടുപ്പിച്ചു. അഞ്ച് ജില്ലകൾ മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക് നീങ്ങും.
തിരുവനന്തപുരത്ത് അടക്കം ബിജെപിയുടെ വൻമുന്നേറ്റത്തിന് തടയിടാൻ ഇടതും വലതും തമ്മിൽ കൂട്ടുകെട്ടെന്നാണ് ബിജെപി ആരോപണം. അഴിമതി ചർച്ചയാകാതിരിക്കാനാണ് ഈ കൂട്ടുകെട്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
നാളെ നിശ്ശബ്ദ പ്രചാരണമാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ. മറ്റന്നാൾ പോളിങ് നടക്കും. മാസ്ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ച് സാനിറ്റൈസറും ഉപയോഗിച്ചുള്ള വോട്ട് രേഖപ്പെടുത്തൽ നടക്കും.
