തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. 46 വയസ്സായിരുന്നു. മാരി, വീരം എന്നീ സിനിമകളിലെ അഭിനയം വലിയ ശ്രദ്ധേ പിടിച്ചുപറ്റി

ചെന്നൈ: തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. 46 വയസ്സായിരുന്നു. ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞ് വീണ് ഒരാഴ്ചയായി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 8.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം കരളും വൃക്കയും തകരാറിലായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഭാര്യ പ്രിയങ്കയോടൊപ്പം ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കവേയാണ് താരം കുഴഞ്ഞുവീണത്. ഷോയുടെ അണിയറപ്രവര്‍ത്തകര്‍ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയാണ് ശങ്കര്‍ ആദ്യം ശ്രദ്ധയാകര്‍ഷിക്കുന്നത്. കലക്ക പോടു യാരു, അതു ഇത് യെത് തുടങ്ങിയ ഷോകളിലൂടെ റോബോ ശങ്കര്‍ ജനപ്രീതി നേടി. ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് 2007ല്‍ റോബോ ശങ്കര്‍ വെള്ളിത്തിരയിലെത്തുന്നത്. മാരി, വിശ്വാസം, സിംഗം 3, കോബ്ര, പുലി തുടങ്ങിയ സിനിമകളില്‍ നിര്‍ണായക കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നടൻ കമല്‍ഹാസൻ അടക്കമുള്ളവര്‍ റോബോ ശങ്കറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു രംഗത്ത് എത്തി.

YouTube video player